'അവര്‍ രണ്ട് പേരും കളിക്കണം'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് സെവാഗ്

By Web TeamFirst Published Jun 12, 2021, 6:43 PM IST
Highlights

 ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ എന്നീ പ്രധാന ബൗളര്‍മാരില്‍ ആരൊക്കെ ടീമിലിടം നേടുമെന്നത് പ്രധാന ചോദ്യമാണ്.

ദില്ലി: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് ബൗളിംഗ് കോംപിനേഷനായിരിക്കും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ എന്നീ പ്രധാന ബൗളര്‍മാരില്‍ ആരൊക്കെ ടീമിലിടം നേടുമെന്നത് പ്രധാന ചോദ്യമാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാര്‍ ഒരുമിച്ച് കളിക്കുമോയെന്നുള്ളതിനും അവ്യക്തമായ മറുപടിയാണുമുള്ളത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന് ഫൈനലില്‍ ആരൊക്കെ കളിക്കണമെന്നുള്ള കാര്യത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഫൈനലിനിറങ്ങണമെന്നാണ് സെവാഗ് പറയുന്നത്. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമായിരിക്കണം കോംപിനേഷന്‍. സെവാഗിന്റെ വാക്കുകളിങ്ങനെ... ''ജൂണ്‍ 18ന് നടക്കുന്ന ഫൈനലിന്റെ പിച്ച് എങ്ങനെയായിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ഇന്ത്യയുടെ ലൈനപ്പ് ടീമിന്റെ ശക്തി തുറന്നുകാണിക്കുന്നതായിരിക്കണം. രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ കളിക്കണം. ടെസ്റ്റിന്റെ അവസാന രണ്ട് ദിവസങ്ങളില്‍ ടേണ്‍ ലഭിക്കും. സ്പിന്നര്‍മാര്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ആയിരിക്കണം. നന്നായി ബാറ്റ് ചെയ്യുന്ന അവര്‍ക്ക് വാലറ്റത്ത് കൂടുതല്‍ സംഭാവന നല്‍കാനും സാധിക്കും.'' സെവാഗ് പറഞ്ഞു. 

ന്യൂസിലന്‍ഡ് ബൗളര്‍മാരായ ട്രന്റ് ബോള്‍ട്ട്- ടിം സൗത്തി സഖ്യം ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ''സൗത്തി- ബോള്‍ട്ട് ബൗളിംഗ് കൂട്ടുകെട്ട് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അവര്‍ക്ക് ബൗള്‍ രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യാന്‍ സാധിക്കും. ഉള്ളിലേക്ക് സ്വംഗ് ചെയ്യുന്ന ബൗള്‍ട്ടിന്റെ പന്തുകള്‍ രോഹിത് ശര്‍മ എങ്ങനെ കളിക്കുമെന്ന് കാണേണ്ടതുണ്ട്. അവര്‍ തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കും.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

ഇന്ത്യന്‍ ടീം സതാംപ്ടണില്‍ ക്വാറന്റീനിലാണ്. ഇന്ത്യയില്‍ രണ്ടാഴ്ച്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം ഇംഗ്ലണ്ടിലേക്ക് പറന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും കളിക്കും.

click me!