കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് അർധസെഞ്ച്വറികൾ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ എത്താനായില്ല. ആദ്യം ബാറ്റ് ചെയ്ത് മികച്ച വിജയലക്ഷ്യം കുറിക്കാനാണ് ശ്രമിക്കുകയെന്ന് ടോസ് നേടിയശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ പറഞ്ഞു.
ടോസ് നേടിയിരുന്നെങ്കില്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ തോമസ് റ്യൂ പറഞ്ഞു.ഓസ്ട്രേലിയക്കെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് അർധസെഞ്ച്വറികൾ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൂർണമെന്‍റിലെ മികച്ച ബൗളറായ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ (15 വിക്കറ്റുകൾ) ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് അണ്ടര്‍ പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.
ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
