'ഇതിലും എളുപ്പം ലിലിയെ നേരിടുന്നത്'; ബുമ്രയുടെ തീപാറും ബൗളിംഗിനെ പ്രശംസിച്ച് റിച്ചാര്‍ഡ്‌സ്

By Web TeamFirst Published Aug 22, 2019, 2:30 PM IST
Highlights

ജസ്‌പ്രീത് ബുമ്രയുടെ ബൗളിംഗിനെ പ്രശംസകൊണ്ട് മൂടി സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ടീം ഇന്ത്യക്കും ജീനിയസിന്‍റെ കയ്യടി. 

ആന്‍റിഗ്വ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ നേരിടാന്‍ ഭയക്കുന്നതായി ഇതിഹാസ ബാറ്റ്സ്‌മാന്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. മികച്ച പേസിലും വേറിട്ട ആക്ഷനിലും പന്തെറിയുന്ന ബുമ്രയെക്കാള്‍ താന്‍ നേരിടാന്‍ ഇഷ്ടപ്പെടുന്നത് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡെന്നീസ് ലിലിയെയാണെന്ന് റിച്ചാര്‍ഡ്‌സ് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ ലിലിയെക്കാള്‍ മികച്ച ബൗളറായാണ് ബുമ്രയെ റിച്ചാര്‍ഡ്സ് വിശേഷിപ്പിക്കുന്നത്. 

'വേഗക്കാരായ ബൗളര്‍മാരെ നേരിടാനാണ് താനിഷ്ടപ്പെടുന്നത്. ബുമ്രയ്‌ക്ക് ബൗളിംഗ് ആക്ഷന്‍റെ വലിയ മുന്‍തൂക്കമുണ്ട്. സ്‌പിന്നര്‍ ഓടിവരുന്നതുപോലെയാണ് അദേഹത്തിന്‍റെ റണ്ണപ്പ്. എന്നാല്‍ പിന്നീട് വേഗമാര്‍ജിക്കുകയും അതിവേഗത്തില്‍ പന്തെറിയും ചെയ്യുന്നു. അത് ഒട്ടുമിക്ക ബാറ്റ്സ്‌മാന്‍മാര്‍ക്കും കടുത്ത വെല്ലുവിളിയാണ്. ബുമ്രയുടെ ആക്ഷനുമായി പൊരുത്തപ്പെടാന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് സമയം വേണം, എന്നാല്‍ ബുമ്ര അത് നല്‍കാറില്ല. അസാധാരണമായ ആക്ഷനാണ് ഇതിന് കാരണം.

ബുമ്രയുടേത് സങ്കീര്‍ണ്ണമായ ആക്ഷനായതിനാല്‍ ഡെന്നീസ് ലിലിയെ നേരിടാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ലിലിയുടെ ആക്ഷന്‍ കൃത്യമായി നിര്‍വചിക്കാനും എന്താണ് ചെയ്യുന്നതെന്നും മനസിലാക്കാനാവും. അത് ബുമ്രയില്‍ നിന്ന് വായിച്ചെടുക്കാനാവില്ല. ടീം ഇന്ത്യക്ക് ലഭിച്ച വജ്രായുധമാണ് ബുമ്ര. ഏറെക്കാലം ഫിറ്റ്‌നസ് നിലനിര്‍ത്താനായാല്‍ ബുമ്ര ഒട്ടേറെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് വെല്ലുവിളിയാവും' എന്നും എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരിലൊരാളായ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ഇന്ത്യന്‍ ടീമിനെയും മുന്‍ താരം പ്രശംസിച്ചു. 'പ്രകടനത്തിലും വിജയത്തിലും തങ്ങളുടെ ഏറ്റവും ഉയരത്തിലാണ് ടീം ഇന്ത്യ. വിരാട് കോലിയാണ് അതിന് ഒരു കാരണം. കോലി ഫോമിലല്ലാതായാല്‍ പൂജാര സാഹചര്യത്തിനനുസരിച്ച് ഉയരുന്നു. ഏകദിനത്തില്‍ 25 സെഞ്ചുറികള്‍ നേടിയ രോഹിതിന്‍റെ റെക്കോര്‍ഡ് മികച്ചതാണ്. എന്നാല്‍ ടെസ്റ്റില്‍ ഹിറ്റ്‌മാന്‍ ഏറെ മുന്നേറാനുണ്ട്. ഏത് മണ്ണിലും ഏത് ടീമിനെതിരെയും വിജയിക്കാനുള്ള കരുത്ത് കോലിപ്പടയ്‌ക്കുണ്ട്' എന്നും വിന്‍ഡീസ് മുന്‍ നായകന്‍ വ്യക്തമാക്കി. 

click me!