രഹാനെയ്ക്കും പൂജാരയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍

By Web TeamFirst Published Aug 14, 2021, 1:39 PM IST
Highlights

റണ്‍ വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. ലോര്‍ഡ്‌സ് ടെസ്റ്റില്‍ പൂജാരയ്ക്ക് ഒമ്പതും രഹാനെയ്ക്ക് ഒരു റണ്‍സും മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്. റണ്‍ വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. ലോര്‍ഡ്‌സ് ടെസ്റ്റില്‍ പൂജാരയ്ക്ക് ഒമ്പതും രഹാനെയ്ക്ക് ഒരു റണ്‍സും മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്. ഇതോടെ ടീമില്‍ നിന്ന് ഇരുവരേയും പുറത്താക്കണമെന്ന വാദമുയര്‍ന്നു. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും കാര്യമായി വിമര്‍ശിക്കുന്നുണ്ട്. 

പേരെടുത്ത പല താരങ്ങളും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ലക്ഷ്മണിന്റെ വാദം. ഒരുകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്നു ലക്ഷ്മണ്‍ വിശദീകരിക്കുന്നതിങ്ങനെ... ''ശരിയാണ്, ഇരുവര്‍ക്കുമെതിരെ പുറത്തുനിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെ ബാധിക്കില്ല. വലിയ താരങ്ങള്‍ക്ക് പലപ്പോഴും കടുത്ത സമ്മര്‍ദ്ദത്തിലൂടെ കടുന്നുപോവേണ്ടിവരും. ചെറിയ സ്‌കോറുകള്‍ നേടുമ്പോഴൊക്കെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും.

ഒരേ പിഴവ് ഇരുവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇരുവരും നിരാശരായിരിക്കും. ഇന്നലെ പുറത്തായ രീതിയില്‍ രഹാനെ ഓസ്‌ട്രേലിയയിലും ഔട്ടായിരുന്നു. പുറത്തായ പന്ത് വളരെ വൈകിയാണ് രഹാനെ കളിച്ചത്. അദ്ദേഹത്തിന്റെ ഇടത് കാല്‍പ്പാദം വായുവിലായിരുന്നു. ശരീരഭാരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും താരത്തിന്റെ പാദചലനം അത്ര മികച്ചതായിരുന്നില്ല. ക്രീസിലുണ്ടായിരുന്ന സമയമത്രയും രഹാനെ അസ്വസ്ഥനായിരുന്നു.'' ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇരുവരും നിറംമങ്ങിയപ്പോള്‍ ഇന്ത്യ 364ന് പുറത്താവുകയായിരുന്നു. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയാണ് (129) ഇന്ത്യക്ക് തുണയായത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 119 എന്ന നിലയിലാണ്.

click me!