
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്ററായി മുന്‍ താരം വഹാബ് റിയാസ് ചുമതലയേറ്റെടുക്കും. സ്ഥാനമൊഴിഞ്ഞ ഇന്‍സമാം ഉള്‍ ഹഖിന് പകരമാണ് വഹാബെത്തുക. ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഇന്‍സി സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വഹാബ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാകിസ്ഥാന് വേണ്ടി 27 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വഹാബ് 91 ഏകദിനങ്ങളും കളിച്ചു. 36 ടി20 മത്സരങ്ങളിലും വഹാബ് പാക് ജേഴ്‌സിയണിഞ്ഞു. 2020 ഡിസംബറിലാണ് താരം അവസനമായി വഹാബ് പാകിസ്ഥാന് വേണ്ടി കളിച്ചത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാകിസ്ഥാന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതായിരിക്കും വഹാബിന്റെ ആദ്യത്തെ ജോലി. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പിന്നാലെ ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 മത്സരങ്ങളും പാകിസ്ഥാന്‍ കളിക്കും. അടുത്തിടെ ടീം ഡയറക്റ്ററായി മുന്‍ താരം മുഹമ്മദ് ഹഫീസിനേയും നിയോഗിച്ചിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശുദ്ധീകരണത്തിന് ഇറങ്ങുകയാണ് പാകിസ്ഥാന്‍. നായകസ്ഥാനത്ത് നിന്ന് ബാബര്‍ അസം പിന്മാറിയിരുന്നു. ടി20 ടീമിനെ ഷഹീന്‍ അഫ്രീദിയാണ് നയിക്കുക. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്. ടെസ്റ്റ് ടീം നായകസ്ഥാനത്ത് ബാബറിനോട് തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.
ഇതിനിടെ വിവാദങ്ങളും തലപൊങ്ങി. ഷഹീന്‍ ക്യാപ്റ്റനായത്, ഭാര്യാപിതാവും മുന്‍ താരവുമായ ഷാഹിദ് അഫ്രീദിയുടെ നിര്‍ബന്ധം കൊണ്ടാണെന്ന് ആരോപണമുയര്‍ന്നു. അതിനോട് ഷാഹിദ് അഫ്രീദി പ്രതികരിച്ചതിങ്ങനെ.. ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മുഹമ്മദ് റിസ്വാന്‍ നയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷഹീന്‍ ടീമിനെ നയിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൂടാതെ, ടെസ്റ്റില്‍ ബാബര്‍ ക്യാപ്റ്റനായി തുടരണമെന്നും എനിക്കുണ്ടായിരുന്നു. ഷഹീനെ ക്യാപ്റ്റനാക്കിയത് പൂര്‍ണമായും മുഹമ്മദ് ഹഫീസിന്റെയും പിസിബി ചെയര്‍മാന്റെയും തീരുമാനമാണ്. എനിക്ക് അതുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഒരിക്കലും ഷഹീന്റെ ക്യാപ്റ്റന്‍സിക്ക് വേണ്ടി വാദിച്ചിട്ടില്ല. ഷഹീനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.'' അഫ്രീദി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!