'മാനവ് സുതര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം': വാനോളം വാഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍

Published : Jun 07, 2026, 08:39 PM IST
Manav Suthar

Synopsis

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ അരങ്ങേറ്റത്തിന് പിന്നാലെ യുവ സ്പിന്നർ മാനവ് സുതറിനെ പ്രശംസിച്ച് ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള എല്ലാ കഴിവും സുതറിനുണ്ടെന്നും ഭാവിയിൽ ഇന്ത്യക്കായി നിരവധി മത്സരങ്ങൾ ജയിപ്പിക്കാൻ താരത്തിന് സാധിക്കുമെന്നും സുന്ദർ പറഞ്ഞു.

മുല്ലാന്‍പൂര്‍: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ച യുവ സ്പിന്നര്‍ മാനവ് സുതറിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള എല്ലാ ഗുണങ്ങളും സുതറിനുണ്ടെന്ന് സുന്ദര്‍ പറഞ്ഞു. താരത്തിന്റെ കഠിനാധ്വാനവും കഴിവും കഴിഞ്ഞ കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റില്‍ വ്യക്തമാണെന്നും ഭാവിയില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ഈ രാജസ്ഥാന്‍ സ്വദേശിക്ക് സാധിക്കുമെന്നും സുന്ദര്‍ പ്രവചിച്ചു.

മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ തകര്‍ത്തതില്‍ പ്രധാന പങ്കുവഹിച്ചത് മാനവ് സുതറായിരുന്നു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ സെലക്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഈ യുവ ഇടംകൈയ്യന്‍ സ്പിന്നര്‍ക്കായി.

രണ്ടാം ദിനത്തിലെ കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സുന്ദര്‍ സഹതാരത്തെ പ്രശംസിച്ചത്.. ''സുതര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവന് ഈ ഫോര്‍മാറ്റില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവനൊപ്പം കളിക്കുന്ന ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. പന്ത് സ്പിന്‍ ചെയ്യിക്കാനും തിരിക്കാനും അവന് സാധിക്കുന്നു എന്നത് തന്നെയാണ് അവന്റെ പ്രധാന കരുത്ത്. എറിയുന്ന ഓരോ പന്തിലും അവന്‍ തന്റെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കാറുണ്ട്. ഒരു യഥാര്‍ത്ഥ സ്പിന്നര്‍ക്ക് വേണ്ട മികച്ച കഴിവുകളും മനോഭാവവും അവനുണ്ട്.'' സുന്ദര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ സ്പിന്‍ വിഭാഗം രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ കൈകളില്‍ ഭദ്രമായിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം മാനവ് സുതര്‍ നടത്തിയ ഈ പ്രകടനം ഇന്ത്യയുടെ അടുത്ത തലമുറ സ്പിന്നര്‍മാര്‍ അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പൂര്‍ണ്ണ സജ്ജരാണെന്ന് തെളിയിക്കുന്നു.

സ്വപ്നതുല്യമായ അരങ്ങേറ്റം

അഫ്ഗാന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ തന്നെ സുതറിനെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിലെ ആദ്യ പന്തില്‍ തന്നെ അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുള്‍ മാലിക്കിനെ പുറത്താക്കി സുതര്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. അവിടെയും താരം നിര്‍ത്തിയില്ല. ന്യൂ ചണ്ഡിഗഡ് പിച്ചിലെ ടേണ്‍ കൃത്യമായി വിനിയോഗിച്ച സുതര്‍ അപകടകാരിയായ റഹ്മാനുള്ള ഗുര്‍ബാസിനെയും പിന്നീട് അസ്ഫര്‍ സസായിയെയും പുറത്താക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനോടേറ്റ ടെസ്റ്റ് തോല്‍വി; പാകിസ്ഥാന്‍ ടീമില്‍ അഴിച്ചുപണി, നായകനേയം കോച്ചിനേയും മാറ്റിയേക്കും
'ആരുടെയും നിഴലില്‍ ഒതുങ്ങാന്‍ ഞാനില്ല'; നയം വ്യക്തമാക്കി ശ്രേയസ് അയ്യര്‍