ഭുവനേശ്വറും അർഷ്ദീപും മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. എങ്കിലും ചില നിർണായക സമയങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ ഭുവനേശ്വറിന് സാധിക്കുന്നില്ല.
ക്രൈസ്റ്റ്ചര്ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും സീനിയർ പേസർ ഭുവനേശ്വർ കുമാറിന്റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പന്തിന്റെ വേഗത കുറയുന്നത് ഭുവനേശ്വറിന്റെഅന്താരാഷ്ട്ര കരിയറിന് തിരിച്ചടിയാകുമെന്ന് തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ൽ സംസാരിക്കവെ അശ്വിൻ ചൂണ്ടിക്കാട്ടി.
ഭുവനേശ്വറും അർഷ്ദീപും മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. എങ്കിലും ചില നിർണായക സമയങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ ഭുവനേശ്വറിന് സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ ഞാൻ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ്. എന്നാൽ ഈ വേഗതയിലാണ് പന്തെറിയുന്നതെങ്കിൽ മുന്നോട്ട് പോകുക പ്രയാസമായിരിക്കും. അദ്ദേഹത്തിന് പന്ത് സ്വിംഗ് ചെയ്യാനുള്ള കഴിവുണ്ട്, എന്നാൽ പന്തിന്റെ വേഗത മണിക്കൂറിൽ 134-136 കിലോമീറ്ററിലേക്ക് ഉയർത്തിയാൽ മാത്രമേ കൂടുതൽ അപകടകാരിയാകാൻ സാധിക്കൂവെന്നും അശ്വിൻ വ്യക്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് പ്രതീക്ഷിച്ച പോലൊരു തുടക്കമല്ല ലഭിച്ചത്. പരമ്പരയിലെ ആദ്യ ടി20യിൽ 49 റൺസ് വഴങ്ങിയ താരം വിക്കറ്റൊന്നും നേടിയില്ല. രണ്ടാം മത്സരത്തിൽ 4 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലെ ശക്തമായ മത്സരസ്വഭാവം കണക്കിലെടുക്കുമ്പോൾ, വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഭുവനേശ്വറിന് ലഭിക്കുന്ന അവസാന അവസരമായി ഈ പരമ്പര മാറിയേക്കാം. അതിനാൽ തിരിച്ചുവരവ് നിലനിർത്താൻ വേഗതയും കൃത്യതയും വീണ്ടെടുക്കേണ്ടത് ഭുവനേശ്വറിന് അനിവാര്യമാണ്.





