Washington Sundar Covid : വാഷിംഗ്ടണ്‍ സുന്ദറിന് കൊവിഡ്; ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര നഷ്ടമാവും

By Web TeamFirst Published Jan 11, 2022, 6:02 PM IST
Highlights

ഇതോടെ സുന്ദര്‍ ടീമിനൊപ്പം ചേരാനുള്ള സാധ്യത മങ്ങി. എന്നാല്‍ ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ല. ജനുവരി 19നാണ് പരമ്പര ആരംഭിക്കുന്നത്.

ചെന്നൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് (Washington Sundar) കൊവിഡ് സ്ഥിരീകരിച്ചു. താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ സുന്ദര്‍ ടീമിനൊപ്പം ചേരാനുള്ള സാധ്യത മങ്ങി. എന്നാല്‍ ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ല. ജനുവരി 19നാണ് പരമ്പര ആരംഭിക്കുന്നത്.

വരും ദിവസങ്ങളില്‍ ടീം മുംബൈയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്. ഇപ്പോള്‍ ചെന്നൈയിലുള്ള താരം മുംബൈയില്‍ എത്തിയേക്കില്ല. താരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഉണ്ടാവില്ലെന്ന് ഒരു ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് 22കാരന്റെ  പരിശോധന ഫലം പോസിറ്റീവായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് സുന്ദര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പരിക്കും അദ്ദേഹത്തെ ഗ്രൗണ്ടില്‍ നിന്നകറ്റി. അടുത്തകാലത്ത് പരിക്കില്‍ നിന്ന് മുക്തതനായ താരം തമിഴ്‌നാടിനായി വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചിരുന്നു. ടൂര്‍ണമെന്റിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്. 

സുന്ദറിനെ കൂടാതെ രണ്ട് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരാണ് മറ്റുരണ്ട് പേര്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈമാസം 19ന് പാളിലാണ് ആദ്യ മത്സരം. 21ന് രണ്ടാം ഏകദിനം ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

click me!