പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന്‍ സച്ചിനോ ലാറയോ ആയിരുന്നില്ലെന്ന് അക്രം

By Web TeamFirst Published Dec 3, 2019, 9:54 PM IST
Highlights

ഇതിന് ഉത്തരം പറയുക വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തുടങ്ങിയ അക്രം ഒരാളെ മാത്രം തെരഞ്ഞെടുക്കണമെങ്കില്‍ അത് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണെന്നും വ്യക്തമാക്കി.

സിഡ്നി: കരിയറില്‍ തനിക്കേറെ വെല്ലുവിളിയായ ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയോ അല്ലായിരുന്നുവെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ കമന്ററി പറയുന്നതിനിടെ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വസീം അക്രം പുറത്താക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയ ബാറ്റ്സ്മാനെക്കുറിച്ച് മനസുതുറന്നത്.

ഇതിന് ഉത്തരം പറയുക വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തുടങ്ങിയ അക്രം ഒരാളെ മാത്രം തെരഞ്ഞെടുക്കണമെങ്കില്‍ അത് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണെന്നും വ്യക്തമാക്കി. ഞങ്ങള്‍ക്കെതിരെ ക്രോ ഒരുപാട് റണ്‍സടിച്ചുകൂട്ടിയിട്ടുണ്ട്. എപ്പോഴും ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്ന ക്രോ ഞങ്ങളെ പലപ്പോഴും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒടുവില്‍ മടുത്ത് ഞങ്ങള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയാന്‍ തുടങ്ങും. അതിനുവേണ്ടിയാണ് അദ്ധേഹം കാത്തിരിക്കുന്നതും. അന്ന് റിവേഴ്സ് സ്വിംഗ് എന്നുപറഞ്ഞാല്‍ എന്താണെന്ന് പോലും ആര്‍ക്കുമറിയില്ലായിരുന്നുവെന്നും അക്രം പറഞ്ഞു.

ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അടക്കം 57.23 ശരാശരിയിലാണ് ക്രോ റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ളത്. പാക്കിസ്ഥാനെതിരെ കളിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് അക്രത്തിന് മാര്‍ട്ടിന്‍ ക്രോയുടെ വിക്കറ്റ് വീഴ്ത്താനായിട്ടുള്ളു. അക്രത്തിനെതിരെ 50 റണ്‍സിന് മേല്‍ ബാറ്റിംഗ് ശരാശരി നിലനിര്‍ത്താനും ക്രോയ്ക്ക് ആയിട്ടുണ്ട്.

click me!