T20 World Cup : ടി20 ലോകകപ്പിലെ ഇന്ത്യന്‍ തോല്‍വിക്കുള്ള കാരണം തുറന്നുപറഞ്ഞ് വസീം അക്രം

By Web TeamFirst Published Dec 20, 2021, 6:27 PM IST
Highlights

രോഹിത് ശര്‍മയെ പൂജ്യത്തിന് പുറത്താക്കിയ അഫ്രീദി പിന്നാലെ കെ എല്‍ രാഹുലിനെയും വീഴ്ത്തി ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചിരുന്നു. പാക്കിസ്ഥാനോടേറ്റ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്ഥാനാത്താവുകയും ഒടുവില്‍ എട്ടുവര്‍ഷത്തിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റില്‍ സെമിയില്‍ പോലും എത്താതെ പുറത്താവുകയും ചെയ്തു.

കറാച്ചി: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) സെമി ഫൈനലില്‍ പോലും എത്താതെ പുറത്തായതിനുള്ള പ്രധാന കാരണം തുറന്നുപറഞ്ഞ് പാക് പേസ് ഇതിഹാസം വസീം അക്രം(Wasim Akram). പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഇരട്ടപ്രഹരത്തില്‍ നിന്ന് ഇന്ത്യ മുക്തരാവാതിരുന്നതാണ് ടൂര്‍മെന്‍റിലെ തന്നെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് അക്രം പറഞ്ഞു.

രോഹിത് ശര്‍മയെ പൂജ്യത്തിന് പുറത്താക്കിയ അഫ്രീദി പിന്നാലെ കെ എല്‍ രാഹുലിനെയും വീഴ്ത്തി ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചിരുന്നു. പാക്കിസ്താനോടേറ്റ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്ഥാനാത്താവുകയും ഒടുവില്‍ എട്ടുവര്‍ഷത്തിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റില്‍ സെമിയില്‍ പോലും എത്താതെ പുറത്താവുകയും ചെയ്തു.

ലോകകപ്പ് തുടങ്ങുമ്പോള്‍ ഇന്ത്യയായിരുന്നു ഫേവറൈറ്റുകള്‍. എന്നാല്‍ ആദ്യ മത്സരത്തിനുശേഷം, പ്രത്യേകിച്ച് ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിനുശേഷം അവര്‍ക്ക് ടൂര്‍ണമെന്‍റിലൊരു തിരിച്ചുവരവുണ്ടായില്ല. ഐപിഎല്ലില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് എന്നതരത്തില്‍ പലരും പറയുന്നതു കേട്ടു. എന്നാല്‍ വസ്തു എന്താണെന്നുവെച്ചാല്‍ ഇന്ത്യന്‍ കളിക്കാര്‍ ഐപിഎല്‍ അല്ലാതെ ലോകത്തെ മറ്റൊരു ലീഗിലും കളിക്കുന്നില്ല. ഇതോടെ, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ ബൗളര്‍മാരെയും രാജ്യാന്തര ബൗളര്‍മാരെയും നേരിടാനുള്ള അവസരമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നഷ്ടമാവുന്നത്.

പാക് ബൗളര്‍മാരെ തന്നെ ഇന്ത്യക്കാര്‍ പലരും ഇതുവരെ നേരിട്ടിട്ടില്ല. ഷഹീന്‍ അഫ്രീദിയെയോ, ഹാരിസ് റൗഫിനെയോ, ഹസന്‍ അലിയെയോ ഒന്നും അവര്‍ കാര്യായി നേരിട്ടിട്ടേയില്ല. കാരണം, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആകെ കണ്ടുമുട്ടുന്നത് ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ്. വരാന്‍ പോകുന്ന കാലത്തെങ്കിലും ഐപിഎല്ലിന് പുറമെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ അനുവദിക്കുകയാണ് ഇത് മറികടക്കാനുള്ള വഴി. എല്ലാ ലീഗുകളിലും കളിക്കണമെന്നല്ല ഞാന്‍ പറയുന്നത്. വിദേശത്തെ തെരഞ്ഞെടുത്ത ഒന്നോ രണ്ടോ ലീഗുകളിലെങ്കിലും കളിച്ചാല്‍ രാജ്യാന്തര ബൗളര്‍മാര്‍ക്കെതിരെ എങ്ങനെ കളിക്കണമെന്ന പരിചയസമ്പത്ത് ലഭിക്കാന്‍ കളിക്കാര്‍ക്ക് ഇത് ഉപകരിക്കും.

അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ അല്ലാതെ മറ്റൊരു ലീഗിലും ഇന്ത്യന്‍ കളിക്കാരെ കളിപ്പിക്കില്ലെന്ന നിലപാട് ഇന്ത്യന്‍ ടീം മാറ്റിയെ പറ്റു. പണം വെച്ചു നോക്കിയാലും പ്രതിഭവെച്ചു നോക്കിയാലും ഐപിഎല്‍ തന്നെയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ലീഗ്. പക്ഷെ മറ്റ് രാജ്യങ്ങളിലെ ഒന്നോ രണ്ടോ ലീഗുകളിലെങ്കിലും കളിക്കാരെ കളിക്കാന്‍ അനുവദിക്കുന്നതാവും ശരിയായ സമീപനമെന്നും അക്രം പറഞ്ഞു.

click me!