തകര്‍ത്തടിച്ച ഗ്രേസ് ഹാരിസിന്‍റെയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയന്‍റ് പട്ടികയില്‍ ഒന്നാമത്. യുപി വാരിയേഴ്സിനെതിരെ ഒമ്പത് വിക്കറ്റ് ജയവുമാണ് ആര്‍സിബി ഒന്നാമത് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെ നേടാനായുള്ളു. മറുപടി ബാറ്റിംഗില്‍ തകര്‍ത്തടിച്ച ഗ്രേസ് ഹാരിസിന്‍റെയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 40 പന്തില്‍ 85 റണ്‍സെടുത്ത് ഗ്രേസ് ഹാരിസാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ദാന 32 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിച്ച ഘോഷ് രണ്ട് പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി-ഗ്രേസ് ഹാരിസ് സഖ്യം 11.4 ഓവറില്‍ 137 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സ് തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞിരുന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗും(14), ഹര്‍ലീന്‍ ഡിയോളും(11) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 21 റണ്‍സെടുത്തെങ്കിലും പിന്നീട് യുപിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫോബെ ലിച്ചിഫീല്‍ഡ്(20)പൊരുതി നോക്കിയെങ്കിലും കിരണ്‍ നാവ്‌ഗിരെ(4) നിലയുറപ്പിക്കാതെ മടങ്ങി. ലിച്ചിഫീല്‍ഡിന് പിന്നാലെ ശ്വേതാ ഷെറാവത്ത് ഗോള്‍ഡന്‍ ഡക്കായതോടെ 8.2 ഓവറില്‍ 50-5ലേക്ക് വീണ പൂനെയെ ദേനേന്ദ്ര ഡോട്ടിനെ കൂട്ടുപിടിച്ച് പൊരുതിയ ദീപ്തി ശര്‍മയാണ് കരകയറ്റിയത്.

View post on Instagram

ദീപ്തി 35 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദേനേന്ത്ര ഡോട്ടില്‍ 37 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീലും നദീന്‍ ഡി ക്ലാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ആദ്യ മത്സരത്തില്‍ ആര്‍സിബി മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ചിരുന്നു. കളിച്ച രണ്ട് കളികളും ജയിച്ച ആര്‍സിബി മുംബൈയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ യുപി വാരിയേഴ്സ് അവസാന സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക