ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വസീം ജാഫര്‍ ഇനി പുതിയ റോളില്‍

By Web TeamFirst Published Jun 23, 2020, 6:06 PM IST
Highlights

 2018-2019 സീസണില്‍ വിദര്‍ഭക്കെതിരെ രഞ്ജി ക്വാര്‍ട്ടര്‍ കളിച്ച ടീമാണ് ഉത്തരാഖണ്ഡെങ്കിലും കഴിഞ്ഞ സീസണില്‍ അവര്‍ ഡി ഗ്രൂപ്പിലേക്ക് തഴയപ്പെട്ടിരുന്നു.

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസവുമായ വസീം ജാഫര്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവും. ഒരുവര്‍ഷത്തേക്കാണ് നിയമനം. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരാനയ ജാഫര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പരിശീലകനെന്ന നിലയിലുള്ള ജാഫറിന്റെ ആദ്യ ദൗത്യമാണ് ഉത്തരാഖണ്ഡ് ടീമിനൊപ്പം. ഒരു ടീമിന്റെ പരിശീലകനാവുന്നത് ആദ്യമായാണെന്നും അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയാണ് ഇതെന്നും ജാഫര്‍ പിടിഐയോട് പറഞ്ഞു. 2018-2019 സീസണില്‍ വിദര്‍ഭക്കെതിരെ രഞ്ജി ക്വാര്‍ട്ടര്‍ കളിച്ച ടീമാണ് ഉത്തരാഖണ്ഡെങ്കിലും കഴിഞ്ഞ സീസണില്‍ അവര്‍ ഡി ഗ്രൂപ്പിലേക്ക് തഴയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ടീമിന്റെ പരിശീലകച്ചുമതല ഏറ്റെടുക്കുന്നത് വെല്ലുവിളിയായി എടുക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.

Also Read: നാല് ഇന്ത്യന്‍ താരങ്ങള്‍, ഒരു വലിയ സര്‍പ്രൈസ്; വസീം ജാഫറിന്റെ മികച്ച ഏകദിന ടീം ഇങ്ങനെ

മുംബൈ, വിദര്‍ഭ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നപ്പോഴും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ താന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഉത്തരാഖണ്ഡിനുവേണ്ടിയും അത് ചെയ്യുമെന്നും ജാഫര്‍ പറഞ്ഞു. ഇന്ത്യക്കായി 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും കളിച്ചിട്ടുള്ള താരമാണ് 42കാരനായ ജാഫര്‍.

2018-2019ലെ അരങ്ങേറ്റ രഞ്ജി സീസണില്‍ ക്വാര്‍ട്ടറിലെത്തിയെങ്കിലും വിദര്‍ഭയോട് തോറ്റിരുന്നു. അടുത്ത സീസണില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ ഉത്തരാഖണ്ഡിനായില്ല. 

click me!