രഞ്‌ജി ട്രോഫിയില്‍ വസീം ജാഫര്‍ തന്നെ കിംഗ്: കേരളത്തിനെതിരെ ചരിത്രനേട്ടം

By Web TeamFirst Published Feb 4, 2020, 3:39 PM IST
Highlights

രഞ്ജി ട്രോഫിയില്‍ 2019-20 സീസണ്‍ തുടങ്ങുമ്പോള്‍ 11,775 റണ്‍സായിരുന്നു ജാഫറിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്

നാഗ്‌പൂര്‍: ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ എന്ന വിശേഷണം വീണ്ടും അടിവരയിട്ട് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. രഞ്‌ജി ട്രോഫിയില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യതാരം എന്ന നേട്ടത്തിലെത്തി ജാഫര്‍. കേരളത്തിനെതിരായ മത്സരത്തിലാണ് വിദര്‍ഭ താരമായ ജാഫര്‍ റെക്കോര്‍ഡിട്ടത്.

രഞ്ജി ട്രോഫിയില്‍ 2019-20 സീസണ്‍ തുടങ്ങുമ്പോള്‍ 11,775 റണ്‍സായിരുന്നു ജാഫറിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. രഞ്ജിയില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യതാരം എന്ന നേട്ടത്തിലെത്തിയിരുന്നു സീസണിന്‍റെ തുടക്കത്തില്‍ ജാഫര്‍. 1996-97 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജാഫര്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് അറിയപ്പെടുന്നത്. മുന്‍പ് മുംബൈക്കായും ജാഫര്‍ കളിച്ചിട്ടുണ്ട്. 

എന്നാല്‍ ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമുറപ്പിക്കാന്‍ വസീം ജാഫറിനായില്ല. 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും കളിച്ച താരം 2008ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 

നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വിദര്‍ഭക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടമായി. ഫൈസ് ഫസല്‍(10), അനികേത് ചൗധരി(0), വസീം ജാഫര്‍(57), ഗണേശ് സതീഷ്(58) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. എം ഡി നിതീഷ് രണ്ടും ബേസിലും വിനൂപും ഓരോ വിക്കറ്റും വീഴ്‌ത്തി. ജാഫര്‍ വിനൂപിന്‍റെ പന്തില്‍ അസ്‌ഹറുദ്ദീന്‍ പിടിച്ചാണ് മടങ്ങിയത്. 

click me!