കറുത്ത ടി-ഷർട്ടും പാന്‍റുമണിഞ്ഞ് തികച്ചും സാധാരണക്കാരനായി കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു.
തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീടനേട്ടത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുന്നു. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടി വെറും നാല് ദിവസത്തിന് ശേഷം, നാടൻ ചായക്കടയിൽ ചായ കുടിക്കാനെത്തിയ സഞ്ജുവിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കറുത്ത ടി-ഷർട്ടും പാന്‍റുമണിഞ്ഞ് തികച്ചും സാധാരണക്കാരനായി കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു. കടയിലെ ജീവനക്കാരാണ് സഞ്ജുവിനെ ആദ്യം തിരിച്ചറിഞ്ഞത്.സഞ്ജു എത്തിയ വിവരം അറിഞ്ഞ് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ എല്ലാവർക്കും പുഞ്ചിരിയോടെ സെൽഫി നൽകാനും വിശേഷങ്ങൾ പങ്കുവെക്കാനും സഞ്ജു സമയം കണ്ടെത്തി. ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ചെറിയ ഇടവേള ആഘോഷിക്കുകയാണ് താരം.
തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സഞ്ജുവിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി താരത്തെ സ്വീകരിച്ചു. നൂറുകണക്കിന് ആരാധകരാണ് സഞ്ജു... സഞ്ജു.. വിളികളുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു വെറും 5 മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററും സഞ്ജു തന്നെയായിരുന്നു.
