
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നത് അപകടകരമായ കളിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. നേരിട്ട രണ്ടാം പന്തില്‍ സിക്സടിച്ച സഞ്ജുവിന്‍റെ ബാറ്റിംഗ് കൊള്ളാം. പക്ഷെ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നൊരു കളിക്കാരന്‍ ഇത്രയും അപകടം നിറഞ്ഞ ഷോട്ട് കളിക്കുമ്പോള്‍ ഏത് സമയത്തും പുറത്താകാമെന്നും അതുതന്നെയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
സഞ്ജു മനോഹരമായാണ് ബാറ്റ് ചെയ്തത് പക്ഷെ സഞ്ജുവിന്‍റെ ഇന്നിംഗ്സ് ഹൈ റിസ്ക് ഗെയിമായിരുന്നു. സഞ്ജു ക്രീസിലെത്തിയപാടെ സിക്സടിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് ആദ്യ രണ്ട് സിക്സുകളും കണക്ട് ആയി. ടൈമിംഗ് തെറ്റിയിരുന്നെങ്കില്‍ സഞ്ജു ഔട്ട് ആകുമായിരുന്നു. അതാണ് സഞ്ജുവിന്‍റെ ഏറ്റവും വലിയ പ്രശ്നവും. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നൊരു കളിക്കാരന്‍ ഇത്രയും ഹൈ റിസ്ക് ഗെയിം കളിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാന്‍ സഞ്ജുവിന് ടീം മാനേജ്മെന്‍റ് ലൈസസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ സഞ്ജുവിന്‍റെ ആക്രമണോത്സുകതയില്‍ തെറ്റില്ല. പക്ഷെ ആക്രമണോത്സുകതക്കൊപ്പം സ്ഥിരതയും പ്രധാനമാണെന്ന് സഞ്ജു തിരിച്ചറിയണം. വിനാശകാരിയായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നത് ആറ് ഇന്നിംഗ്സില്‍ ഒന്നോ രണ്ടോ തവണ മാത്രമാകരുത്. അതാണ് എന്‍റെ ആശങ്കയും. ഐപിഎല്ലിലും സഞ്ജു ഇത് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഏതാനും മികച്ച ഇന്നിംഗ്സുകള്‍ കളിച്ച ശേഷം സഞ്ജു തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്നത്. അതുതന്നെയാണ് സഞ്ജുവിന്‍റെ പ്രശ്നവും. ഇതില്‍ നിന്നെല്ലാം സഞ്ജു പഠിക്കുമെന്ന് കരുതാം.
സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മയെ വിമര്‍ശിക്കുമ്പോഴും ഏകദിന ക്രിക്കറ്റില്‍ ഇതുവരെ ഫോമിലാവാത്ത സൂര്യകുമാര്‍ യാദവിനെതിരെ രൂക്ഷ വിമര്‍ശനം നടത്താന്‍ ജാഫര്‍ തയാറായില്ല. സൂര്യ വളരെ നന്നായി കളിച്ചു. ഇന്നലെ 35 റണ്‍സെടുത്തെങ്കിലും സൂര്യക്ക് കളിയില്‍ വലിയ പ്രഭാവമൊന്നും ഉണ്ടാക്കാനായില്ല. ഏകദിന ക്രിക്കറ്റില്‍ എങ്ങനെയാണ് കളിക്കേണ്ടത് എന്നതിനെക്കുറിച്ച് സൂര്യ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.