
ഫ്ലോറിഡ: ഒന്നും രണ്ടുമല്ല, ആറെണ്ണം! സിക്‌സ് എന്നൊക്കെ പറഞ്ഞാല്‍ തലങ്ങുംവിലങ്ങും ബൗണ്ടറിക്ക് പുറത്ത് പോയിവീഴുന്ന കനത്ത ഷോട്ടുകള്‍. ഒരു നാല്‍പത്തിയേഴ് വയസുകാരന്‍ യുഎസ് മാസ്റ്റേഴ്‌സ് ടി10 ക്രിക്കറ്റ് ലീഗില്‍ പറത്തിയ ഷോട്ടുകളാണ്. ആള്‍ ക്രിക്കറ്റ് ചരിത്രത്തിലെ മഹാനായ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസാണ്. മാസ്റ്റേഴ്‌സ് ടി10 ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി വിസ്‌മയിപ്പിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓപ്പണര്‍ കൂടിയായ കാലിസ്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ്. വിരമിച്ച താരം യുഎസ് മാസ്റ്റേഴ്‌സ് ടി10 ലീഗില്‍ കാലിഫോര്‍ണിയ നൈറ്റ്സിന്‍റെ താരമാണ്. ടെക്‌സസ് ചാര്‍ജേഴ്‌സിന് എതിരായ ക്വാളിഫയര്‍ രണ്ട് പോരാട്ടത്തില്‍ കാലിസിന്‍റെ ബാറ്റ് പ്രതാപകാലം ഓര്‍മ്മിപ്പിച്ചു. ആരോണ്‍ ഫിഞ്ചിനൊപ്പം ക്രീസിലിറങ്ങിയ കാലിസ് കാലിഫോര്‍ണിയ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 22 പന്തില്‍ 2 ഫോറും 6 സിക്‌സും സഹിതം 56 റണ്‍സുമായി പുറത്താവാതെ നിന്നു. 47-ാം വയസിലാണ് കാലിസ് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് എന്ന് ഓര്‍ക്കണം. 19 പന്തില്‍ 41 റണ്‍സെടുത്ത മിലിന്ദ് കുമാറും തിളങ്ങിയതോടെ കാലിഫോര്‍ണിയ 10 ഓവറില്‍ 139-3 എന്ന മികച്ച സ്കോറിലെത്തി.
കാലിഫോര്‍ണിയ നൈറ്റ്‌സിനായി കാലിസ് ബാറ്റ് കൊണ്ട് അമ്മാനമാടിയെങ്കിലും മത്സരം ടെക്‌സസ് ചാര്‍ജേഴ്‌സ് ഏഴ് വിക്കറ്റിന് വിജയിച്ചു. 24 പന്തില്‍ 3 ഫോറും 7 സിക്‌സും സഹിതം പുറത്താവാതെ 68 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് ടെക്‌സസിനെ 8.5 ഓവറില്‍ ജയിപ്പിച്ചത്. സഹ ഓപ്പണര്‍ മുഖ്‌താര്‍ അഹമ്മദ് 14 പന്തില്‍ 40 എടുത്തു. ബൗളിംഗില്‍ രണ്ട് വിക്കറ്റും നേടിയ ഹഫീസ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ ടെക്‌സസ് ഫൈനലിലെത്തി. ഇന്ന് നടക്കുന്ന ടി10 മാസ്റ്റേഴ്‌സ് ഫൈനലില്‍ ന്യൂയോര്‍ക്ക് വാരിയേഴ്‌സാണ് ടെക്‌സസ് ചാര്‍ജേഴ്‌സിന്‍റെ എതിരാളികള്‍.
രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റണ്‍സും 250ലേറെ വിക്കറ്റുമുള്ള ഏക താരമാണ് ജാക്ക് കാലിസ്. 166 ടെസ്റ്റില്‍ 45 സെഞ്ചുറികളോടെ 13289 റണ്‍സും 328 ഏകദിനങ്ങളില്‍ 17 ശതകങ്ങളോടെ 11579 റണ്‍സും കാലിസിനുണ്ട്. രാജ്യാന്തര ടി20യില്‍ 25 മത്സരങ്ങളില്‍ 666 റണ്‍സും 12 വിക്കറ്റും 98 ഐപിഎല്‍ മത്സരങ്ങളില്‍ 2427 റണ്‍സും 65 വിക്കറ്റും സ്വന്തം.
Read more: റണ്ണൊഴുകും, ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പാടുപെടും; കോലി പഴയ പ്രതാപത്തിലെന്ന് ഇതിഹാസ താരം
കാണാം കാലിസിന്‍റെ പ്രത്യേക അഭിമുഖം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!