മൂന്ന് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച് കഴിഞ്ഞ ഏഷ്യാ കപ്പിലാണ് വിരാട് കോലി 71-ാം രാജ്യാന്തര ശതകം കണ്ടെത്തിയത്
മുംബൈ: ഇനി ഏഷ്യാ കപ്പ് ക്രിക്കറ്റിലേക്കാണ് ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും ഉചിതമായ തയ്യാറെടുപ്പാണ് ഉപഭുഖണ്ഡത്തിലെ ടീമുകളുടെ ടൂര്‍ണമെന്‍റ്. പാകിസ്ഥാനെ മൈതാനത്ത് കണ്ടാല്‍ തന്നെ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുന്ന വിരാട് കോലിയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലാകും എന്ന് കരുതപ്പെടുന്ന താരം. വിരാടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും എന്നാണ് വിന്‍ഡീസ് പേസ് ബൗളിംഗ് ഇതിഹാസം കട്‌ലി ആംബ്രോസ് പറയുന്നത്. പഴയ പ്രതാപത്തിലേക്ക് കോലി എത്തിയെന്നും അദേഹം പറയുന്നു.
വിരാട് കോലി ഇപ്പോഴും മികച്ച ക്രിക്കറ്ററാണ്. വളരെ മികച്ച ബാറ്ററാണ്. റണ്‍സ് കണ്ടെത്താന്‍ കഷ്‌ടപ്പെടുന്ന മോശം കാലത്തിലൂടെ എല്ലാ വിഖ്യാത ബാറ്റര്‍മാരും സഞ്ചരിച്ചിട്ടുണ്ട്. നീണ്ട ഫോമില്ലായ്‌മ അലട്ടാത്ത ഒരു ലോകോത്തര ബാറ്ററും ഉണ്ടെന്ന് തോന്നുന്നില്ല. വിരാട് വളരെ സ്‌പെഷ്യലായ താരമാണ്. ഫോമില്ലായ്മയില്‍ കഷ്‌ടപ്പെട്ടുവെങ്കിലും കോലി ഫോമിലേക്ക് മടങ്ങിയെത്തി. കോലി വിന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി. മോശമല്ലാത്ത ഫോമിലാണ് കോലി എന്നാണ് അവിടെ തോന്നിയത്. ബാറ്റിംഗ് വളരെ അനായാസവും ഒഴുക്കുള്ളതുമായി. പഴയ വിരാടിനെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനിയും വര്‍ഷങ്ങള്‍ ബാറ്റ് കൊണ്ട് നയിക്കാന്‍ കോലിക്കാകും എന്നും കട്‌ലി ആംബ്രോസ് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച് കഴിഞ്ഞ ഏഷ്യാ കപ്പിലാണ് വിരാട് കോലി 71-ാം രാജ്യാന്തര ശതകം കണ്ടെത്തിയത്. ഇതിന് ശേഷം അഞ്ച് സെഞ്ചുറി കൂടി കോലിയുടെ പേരിലായി. ട്വന്‍റി 20 ഫോര്‍മാറ്റില്‍ നടന്ന 2022 ഏഷ്യാ കപ്പില്‍ ടോപ് സ്കോററായി മാറിയ താരം ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റികളും ഉള്‍പ്പടെ 147.59 സ്ട്രൈക്ക് റേറ്റില്‍ 276 റണ്‍സ് നേടി. ഇത്തവണ ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ്. ഏകദിനത്തില്‍ 275 മത്സരങ്ങളില്‍ 46 സെഞ്ചുറിയും 65 ഫിഫ്റ്റികളും സഹിതം 57.32 ശരാശരിയിലും 93.63 പ്രഹരശേഷിയിലും 12898 റണ്‍സ് കോലിക്കുണ്ട്.
Read more: നാലാം നമ്പറില്‍ ആരെന്ന് സംശയം വേണ്ടാ; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ലൈനപ്പായി
