
മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഏകദിന, ട്വന്‍റി 20 ടീമുകളില്‍ ഇടംപിടിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി ഓൾറൗണ്ടർ ശിഖ പാണ്ഡെ. മുമ്പൊരിക്കല്‍ ക്രിക്കറ്റിനോട് പൂർണമായും വിടപറയാന്‍ തീരുമാനിച്ചതിനെ പറ്റിയും ശിഖ മനസുതുറന്നു.
ബംഗ്ലാദേശ് പര്യടനത്തിനായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ധാക്കയില്‍ എത്തിക്കഴിഞ്ഞു. വനിതാ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 9 കളികളില്‍ 10 വിക്കറ്റ് നേടിയിട്ടും ബംഗ്ലാ പര്യടനത്തിന് ശിഖാ പാണ്ഡെയെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ. അടുത്തിടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ ഡബ്ലൂ വി രാമനുമായുള്ള സംഭഷണത്തിനിടെ ശിഖ വിതുമ്പി. 'ഞാന്‍ നിരാശയല്ല, എനിക്ക് സങ്കടമില്ല എന്ന് പറഞ്ഞാല്‍ ഞാനൊരു മനുഷ്യനാകില്ല. കഠിന പ്രയത്നം നടത്തിയിട്ടും അതിന് ഫലമില്ലാതാകുന്നത് വലിയ സങ്കടമാണ്. എന്നെ ടീമില്‍ നിന്ന് തഴഞ്ഞതിന് കാരണങ്ങളുണ്ട് എന്നുറപ്പാണ്, എന്നാല്‍ അവയെ കുറിച്ച് അറിയില്ല. ടീമിലെത്താന്‍ കഠിനാധ്വാനം ചെയ്യുക മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. കഠിനാധ്വാനത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മാനസികവും ശാരീരികയുമായി ഫിറ്റാവും വരെ കഠിനാധ്വാനം ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി' എന്നും ശിഖ പാണ്ഡെ പറഞ്ഞു.
ക്രിക്കറ്റിനോട് പൂർണമായും ബൈ പറയാന്‍ മുമ്പ് ആലോചിച്ചതിനെ കുറിച്ചും ശിഖ പാണ്ഡെ മനസുതുറന്നു. മുമ്പും ഇന്ത്യന്‍ ടീമില്‍ നിന്ന് ശിഖ പുറത്തായിട്ടുണ്ട്. ആഭ്യന്തര ടൂർണമെന്‍റുകളില്‍ നന്നായി പന്തെറിഞ്ഞിട്ടും 2022ലെ ഏകദിന ലോകകപ്പ് സ്ക്വാഡില്‍ താരത്തിന് ഇടംലഭിച്ചില്ല. ഇത് അന്ന് കടുത്ത വിമർശനത്തിന് വഴിവെത്തിരുന്നു. 'ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് മതിയാക്കാന്‍ ആലോചിച്ചു. ഇതൊരു വൈകാരിക ഘട്ടമാണെന്നും കൂടുതല്‍ സമയം തീരുമാനം എടുക്കാന്‍ കണ്ടെത്തണം എന്നും തിരിച്ചറിഞ്ഞു. ഇനിയുമേറെ ക്രിക്കറ്റ് എന്നില്‍ അവശേഷിക്കുന്നുണ്ട് എന്ന് ഡബ്ലൂ വി രാമന്‍ പറഞ്ഞ് മനസിലാക്കി. ഞാനിപ്പോള്‍ നിരാശയാണ്. എന്നാല്‍ തീരുമാനങ്ങള്‍ എന്‍റെ നിയന്ത്രണത്തിലല്ല' എന്നും ശിഖ പാണ്ഡെ കൂട്ടിച്ചേർത്തു.
ശിഖ പാണ്ഡെയെ മാത്രമല്ല ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരിക്കുന്നത്. രേണുക സിംഗും റിച്ച ഘോഷും സ്ക്വാഡിലില്ല. ബംഗ്ലാദേശില മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യന്‍ വനിതാ ടീമിനുള്ളത്.
Read more: അഗാർക്കറിന്‍റെ മനസില്‍ വ്യക്തമായ പദ്ധതികള്‍; റിങ്കു സിംഗ് ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!