'നമിച്ചു പൊന്നേ'...മൂക്കുംകുത്തി വീണിട്ടും അഭിനന്ദിച്ച് ആന്ദ്രേ റസല്‍; 35ലും മിന്നലായി ഇശാന്ത് ശർമ്മ- വീഡിയോ

Published : Apr 04, 2024, 02:07 PM ISTUpdated : Apr 04, 2024, 05:04 PM IST
'നമിച്ചു പൊന്നേ'...മൂക്കുംകുത്തി വീണിട്ടും അഭിനന്ദിച്ച് ആന്ദ്രേ റസല്‍; 35ലും മിന്നലായി ഇശാന്ത് ശർമ്മ- വീഡിയോ

Synopsis

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ 20-ാം ഓവറിലെ ആദ്യ പന്തിലാണ് ഇശാന്ത് ശർമ്മയുടെ യോർക്കർ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിന് മടക്ക ടിക്കറ്റ് കൊടുത്തത്

വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റണ്‍ഫെസ്റ്റിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളർമാരെ ഒരു മയവുമില്ലാതെ തല്ലിച്ചതച്ച് 272 റണ്‍സാണ് കെകെആർ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്. കെകെആറിന്‍റെ വെടിക്കെട്ടിന് അവസാന ഓവറുകളില്‍ തീവേഗം പകർന്നത് ആന്ദ്രേ റസലായിരുന്നു. റസലാവട്ടെ ഇശാന്ത് ശർമ്മയുടെ ലോകോത്തര യോർക്കറില്‍ വീണു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിംഗ്സിലെ 20-ാം ഓവറിലെ ആദ്യ പന്തിലാണ് പേസർ ഇശാന്ത് ശർമ്മയുടെ യോർക്കർ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിന് മടക്ക ടിക്കറ്റ് കൊടുത്തത്. അതുവരെ ടോപ് ഗിയറില്‍ കുതിക്കുകയായിരുന്നു റസല്‍. ഇശാന്തിന്‍റെ അപ്രതീക്ഷിത യോർക്കർ പ്രഹരത്തില്‍ സാക്ഷാല്‍ റസല്‍ നിലംപതിച്ചു. ആന്ദ്രേ റസലിന്‍റെ മൂന്ന് ബെയ്‍ല്‍സും പറപറക്കുകയും ചെയ്തു. ഇതിന് ശേഷം അവിശ്വസനീയതയോടെ എഴുന്നേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഇശാന്തിന് റസല്‍ അഭിനന്ദനത്തോടെ കയ്യടിക്കുന്നത് കാണാമായിരുന്നു. ഇന്നലത്തെ ഐപിഎല്‍ മത്സരത്തിലെ ഏറ്റവും സുന്ദര കാഴ്ചയായി ഈ ദൃശ്യങ്ങള്‍ മാറി. നാലാമനായി ക്രീസിലെത്തി 19 പന്ത് നേരിട്ട റസല്‍ നാല് ഫോറും മൂന്ന് സിക്സറും സഹിതം 41 റണ്‍സെടുത്തു. കാണാം വീഡിയോ...

ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് അടിച്ചുകൂട്ടിയ കെകെആർ 106 റണ്‍സിന്‍റെ ഗംഭീര ജയം മത്സരത്തില്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് മറുപടി ഇന്നിംഗ്സില്‍ 17.2 ഓവറില്‍ 166 റണ്‍സില്‍ പുറത്താവുകയായിരുന്നു. റിഷഭ് പന്ത് (25 പന്തില്‍ 55), ട്രിസ്റ്റന്‍ സ്റ്റബ്‍സ് (32 പന്തില്‍ 54) എന്നിവർ മാത്രമാണ് തിളങ്ങിയത്. നേരത്തെ, ആന്ദ്രേ റസലിന് പുറമെ സുനില്‍ നരെയ്ന്‍ (39 പന്തില്‍ 85), അരങ്ങേറ്റക്കാരന്‍ അന്‍ഗ്രിഷ് രഘുവന്‍ഷി (27 പന്തില്‍ 57), റിങ്കു സിംഗ് (8 പന്തില്‍ 26) എന്നിവരുടെ ബാറ്റിംഗിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റെക്കോർഡ് സ്കോർ പടുത്തുയർത്തിയത്. 

Read more: 24 ലക്ഷം രൂപ! കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ കനത്ത പിഴ; തലയില്‍ കൈവെച്ച് റിഷഭ് പന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ