കാറ്റ് പോയ പോക്കില്‍ പന്തുമായി പറന്നു; കണ്ണുതള്ളി താരങ്ങളും അംപയറും! വീഡിയോ

By Web TeamFirst Published Mar 20, 2023, 4:24 PM IST
Highlights

കാസുന്‍ രജിതയും പ്രബത് ജയസൂര്യയും ബാറ്റ് ചെയ്യുമ്പോഴായിരുന്നു നാടകീയ പന്തുകള്‍ വന്നത്

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിലെ ക്രിക്കറ്റ് മത്സരങ്ങളില്‍ കാറ്റൊരു വലിയ വെല്ലുവിളിയാവാറുണ്ട്. ഇത് ബാറ്റര്‍മാരെ പലപ്പോഴും കുഴപ്പിക്കാറുണ്ട്. പന്തെറിയും മുമ്പ് ബെയ്‌ല്‍സ് കാറ്റില്‍ പറന്നുപോകുന്നതും താരങ്ങളുടെ തൊപ്പി തെറിക്കുന്നതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ കണ്ടതാണ്. ബേസിന്‍ ഓവലില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസ് സ്‌പിന്നര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ പന്ത് കാറ്റില്‍ അസാധാരണമായി പറന്നുപോകുന്നത് കണ്ടു. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ബ്രേസ്‌വെല്‍ പന്തെറിയുമ്പോഴായിരുന്നു സംഭവം. 

കാസുന്‍ രജിതയും പ്രബത് ജയസൂര്യയും ബാറ്റ് ചെയ്യുമ്പോഴായിരുന്നു നാടകീയ പന്തുകള്‍ വന്നത്. ബാറ്റര്‍ക്ക് നേരെ വന്ന പന്ത് അസാധാരണമായി കാറ്റില്‍ വളഞ്ഞ് ഓഫ്‌സൈ‍ഡിലെ വൈഡ് ലൈന് പുറത്താണ് പിച്ച് ചെയ്തത്. പിന്നാലെ മറ്റൊരു പന്ത് അപാര ടേണിലൂടെ ലെഗ് സൈഡിലൂടെ കടന്നുപോകുന്നതും ആരാധകര്‍ കണ്ടു. ഈ പന്തുകള്‍ കണ്ട് താരങ്ങള്‍ക്ക് മാത്രമല്ല, അംപയര്‍മാര്‍ക്കും വിശ്വസിക്കാനായില്ല. മത്സരത്തില്‍ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സില്‍ 50ന് മൂന്നും രണ്ടാം ഇന്നിംഗ്‌സില്‍ 100 റണ്‍സിന് രണ്ടും വിക്കറ്റ് ബ്രേസ്‌വെല്‍ വീഴ്‌ത്തി. 

Just when you think you’ve seen it all in cricket. High winds so single end coverage in Wellington. Here’s the supporting evidence… pic.twitter.com/AzQerm4h9b

— Rob Williams (@robwilliams_tv)

ഇതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡ് തൂത്തുവാരി. പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 58 റണ്‍സിനും കിവികള്‍ വിജയിച്ചതോടെയാണിത്. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 580നെതിരെ ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 164ന് പുറത്തായിരുന്നു. ഫോള്‍ഓണ്‍ വഴങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 358ന് പുറത്തായി. ഒന്നാം ടെസ്റ്റിലും ലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലം. ക്രൈസ്റ്റ് ചര്‍ച്ചിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. സ്കോര്‍: ശ്രീലങ്ക- 355 & 302, ന്യൂസിലന്‍ഡ്- 373 & 285/8. കിവീസ് താരങ്ങളായ ഹെന്‍‌റി നിക്കോള്‍സ് രണ്ടാം ടെസ്റ്റിലേയും കെയ്‌ന്‍ വില്യംസണ്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ലങ്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരി; എന്നിട്ടും നാണംകെട്ട് ന്യൂസിലന്‍ഡ‍്

click me!