ഒന്നാമതുള്ള ഓസീസിന് 66.67 ഉം രണ്ടാമതുള്ള ഇന്ത്യക്ക് 58.8 ഉം പോയിന്‍റ് ശരാശരി വീതമാണുള്ളത്

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പരമ്പരയ്ക്ക് ശേഷമുള്ള പോയിന്‍റ് നില പുറത്തുവിട്ടു. ഓസ്ട്രേലിയ, ഇന്ത്യ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ന്യൂസിലന്‍ഡ് ഇത്തവണ ആറാമതാണ് പോരാട്ടം അവസാനിപ്പിച്ചത്. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും പോയിന്‍റ് പട്ടികയില്‍ കിവികള്‍ക്ക് ഗുണം കിട്ടിയില്ല. അതേസമയം ലങ്ക ന്യൂസിലന്‍ഡിന് മുകളില്‍ ഫിനിഷ് ചെയ്യുകയും ചെയ്‌തു. 

ഒന്നാമതുള്ള ഓസീസിന് 66.67 ഉം രണ്ടാമതുള്ള ഇന്ത്യക്ക് 58.8 ഉം പോയിന്‍റ് ശരാശരി വീതമാണുള്ളത്. 55.56 പോയിന്‍റ് ശരാശരിയുമായാണ് പ്രോട്ടീസ് മൂന്നാമത് നില്‍ക്കുന്നത്. 46.97 പോയിന്‍റ് ശരാശരിയുമായി ഇംഗ്ലണ്ട് നാലാമതും 44.44 പോയിന്‍റ് ശരാശരിയുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ന്യൂസിലന്‍ഡ്(38.46), പാകിസ്ഥാന്‍(38.1), വെസ്റ്റ് ഇന്‍ഡീസ്(34.62), ബംഗ്ലാദേശ് (11.11) എന്നിങ്ങനെയാണ് പിന്നിടുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളുടെ പോയിന്‍റ് നില. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡും ഇന്ത്യയുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇക്കുറി ഓവലില്‍ ജൂണ്‍ ഏഴിനാരംഭിക്കുന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയെ ടീം ഇന്ത്യ നേരിടും. 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ന് ന്യൂസിലന്‍ഡ് തൂത്തുവാരിയിരുന്നു. പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 58 റണ്‍സിനുമാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 580നെതിരെ ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 164ന് പുറത്തായിരുന്നു. ഫോള്‍ഓണ്‍ വഴങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 358ന് പുറത്തായി. ഒന്നാം ടെസ്റ്റിലും ലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലം. ക്രൈസ്റ്റ് ചര്‍ച്ചിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. സ്കോര്‍: ശ്രീലങ്ക- 355 & 302, ന്യൂസിലന്‍ഡ്- 373 & 285/8.

ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു! കിവീസിന് ഇന്നിംഗ്‌സ് ജയം; ടെസ്റ്റ് പരമ്പര തൂത്തുവാരി