
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കൻ വനിതകളോട് വഴങ്ങിയ തോല്‍വിയില്‍ കണ്ണീരണിഞ്ഞ് ബംഗ്ലാദേശ് വനിതാ താരങ്ങള്‍. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയെ 78-5ലേക്ക് തള്ളിയിട്ടിട്ടും ബംഗ്ലാദേശിന് വിജയം പിടിച്ചെടുക്കാനായിരുന്നില്ല. മരിസാ കാപ്പിന്‍റെയും കോളെ ട്രയോണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലായിരുന്നു ദക്ഷിണാഫ്രിക്ക മൂന്നാം ജയം അടിച്ചെടുത്തത്.
ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ നദൈന്‍ ക്ലാര്‍ക്ക് ഇന്ത്യക്കെതിരായ മത്സരത്തിലെന്നപോലെ ഫിനിഷറായി ടീമിന്‍റെ വിജയശില്‍പിയായി. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അവസാന അഞ്ചോവറില്‍ 37 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്ലാര്‍ക്കും മസബാട ക്ലാസും ചേര്‍ന്ന കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്നു. ഡഗ് ഔട്ടിലിരുന്ന താരങ്ങളും കണ്ണീരണിഞ്ഞ് മുഖം പൊത്തുന്നത് കാണാമായിരുന്നു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ക്യാപ്റ്റൻ നിഗര്‍ സുല്‍ത്താനയും കരഞ്ഞുകൊണ്ടാണ് മറുപടി നല്‍കിയത്.
നിര്‍ണായക ക്യാച്ചുകള്‍ നഷ്ടമാക്കിയതാണ് ബംഗ്ലാദേശിന്‍റെ തോല്‍വിക്ക് കാരണമായത്. 49-ാം ഓവറില്‍ ജയത്തിലേക്ക് 8 പന്തില്‍ 9 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നദൈനെ ക്ലാര്‍ക്ക് നല്‍കിയ നിര്‍ണായക ക്യാച്ച് ബംഗ്ലാദേശ് കൈവിട്ടിരുന്നു. കോളെ ട്രയോണ്‍ അര്‍ധസെഞ്ചുറി എത്തുന്നതിന് മുമ്പ് നല്‍കിയ അവസരം ബൗണ്ടറിയില്‍ സുമയ്യയും നഷ്ടമാക്കി. ഇതിന് പുറമെ നിര്‍ണായക സമയത്ത് നിരവധി റണ്ണൗട്ട് അവസരങ്ങളും ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കി. ജയത്തോടെ ദക്ഷിണാഫ്രിക്ക നാലു കളികളില്‍ ആറ് പോയന്‍റുമായി സെമി സാധ്യതകതള്‍ വര്‍ധിച്ചപ്പോള്‍ നാലു കളില്‍ രണ്ട് പോയന്‍റ് മാത്രമുള്ള ബംഗ്ലാദേശിന്‍റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക