
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ടീം ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ വിചിത്ര പുറത്താകലിലൂടെ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഇന്ത്യന്‍ സ്റ്റാര്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ അവിശ്വസനീയ പന്തില്‍ താളം പിഴച്ചപ്പോള്‍ ഗ്രീനിന്‍റെ ബെയ്‌ല്‍സ് അപ്രതീക്ഷിതമായി തെറിക്കുകയായിരുന്നു. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്‌ത ജഡ്ഡുവിന്‍റെ മാസ്‌മരിക പന്ത് ടേണ്‍ ചെയ്‌തപ്പോള്‍ കാര്യം പിടികിട്ടാതെ പോയ ഗ്രീനിന് പവലിയനിലേക്ക് മടങ്ങുകയല്ലാതെ മുന്നില്‍ മറ്റ് വഴികളില്ലാണ്ട് പോയി.
ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 63-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ജഡ്ഡുവിന്‍റെ അവസാന പന്ത് പിച്ച് ചെയ്‌തത് ലെഗ് സ്റ്റംപിന് പുറത്ത്. എന്നാല്‍ പന്ത് കുത്തിത്തിരിഞ്ഞ് ഓഫ്‌സ്റ്റംപിലേക്ക് വന്നപ്പോള്‍ പന്ത് ഗ്രീനിന്‍റെ ഗ്ലൗവിന്‍റെ താഴ്‌ഭാഗത്ത് തട്ടി വിക്കറ്റിലേക്ക് അവിശ്വസനീയമായി പാഞ്ഞുകയറുകയായിരുന്നു. ഇതോടെ എന്താണ് സംഭവിച്ചത് എന്നുപോലും പിടികിട്ടാതെയായിരുന്നു ഡ്രസിംഗ് റൂമിലേക്ക് കാമറൂണ്‍ ഗ്രീനിന്‍റെ മടക്കം. ഗ്രീനിന്‍റെ വിചിത്ര പുറത്താകലിനൊപ്പം ജഡേജ എന്ന ബൗളറുടെ ക്ലാസ് വ്യക്തമാക്കുന്നത് കൂടിയായി ഈ ബോള്‍. 95 പന്ത് നേരിട്ട ഗ്രീന്‍ നാല് ഫോര്‍ സഹിതം 25 റണ്‍സേ നേടിയുള്ളൂ. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രീനിന് പുറമെ സ്റ്റീവ് സ്‌മിത്ത്, ട്രാവിഡ് ഹെഡ് എന്നീ നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കി രവീന്ദ്ര ജഡേജ ഇതോടെ ഓവലില്‍ ഇന്ത്യന്‍ ബൗളിംഗിന്‍റെ നെടുംതൂണായി.
രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്‌ടമായപ്പോഴും ഓസീസിന്‍റെ സ്കോര്‍ 200 കടന്നിരിക്കുകയാണ്. തകര്‍ത്തടിക്കുന്ന വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ട്. ഇതോടൊപ്പം ഓസീസിന്‍റെ ലീഡ് 370 റണ്‍സ് പിന്നിട്ടുകഴിഞ്ഞു എന്നത് ടീം ഇന്ത്യക്ക് തലവേദനയാണ്. ക്യാരിയെ പുറത്താക്കിയില്ലെങ്കില്‍ ഇന്ത്യ പാടുപെടും. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41) എന്നിവരുടെ വിക്കറ്റ് ഓസീസിന് നേരത്തെ നഷ്‌ടമായിരുന്നു. രവീന്ദ്ര ജഡേജ ഇതിനകം മൂന്നും ഉമേഷ് യാദവ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി.
Read more: ഉമേഷ് അണ്ണന്‍ തീ എന്ന് പറയുന്നത് ചുമ്മാതല്ല; ലബുഷെയ്‌ന്‍റെ വിക്കറ്റ് വീഴ്‌ത്തി വമ്പന്‍ ആഘോഷം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!