
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനത്തിലെ കളിക്കിടെ അമ്പയർ കുമാര്‍ ധര്‍മസേനയുമായി വാക് പോരിലേര്‍പ്പെട്ട് ഇന്ത്യൻ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ ജോ റൂട്ട് ക്രീസിലെത്തിയപ്പോഴായിരുന്നു സംഭവം.
റൂട്ട് ക്രീസിലെത്തിയപ്പോള്‍ പന്തെറിഞ്ഞശേഷം പ്രസിദ്ധ് കൃഷ്ണ റൂട്ടിന് അടുത്തെത്തി എന്തോ പറയുന്നതും അതിന് റൂട്ട് മറുപടി പറയുന്നതും കാണാമായിരുന്നു. ഇതിനുശേഷം ഇരുവരും നടന്നകലുമ്പോള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ലെന്ന് ധര്‍മസേന പ്രസിദ്ധിനോട് പറഞ്ഞു.
ഇതുകേട്ടാണ് രാഹുല്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഞങ്ങള്‍ എന്ത് ചെയ്യണമെന്നാണ് പിന്നെ നിങ്ങള്‍ പറയുന്നത്, മിണ്ടാതെ വന്ന് കളിച്ചുപോണമെന്നാണോ. ഇതുകേട്ട ധര്‍മസേന, രാഹുലിനോട് ചോദിച്ചത്, നിങ്ങളാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ആരെങ്കിലും ഇത്തരത്തില്‍ സംസാരത്തിലൂടെ പ്രകോപിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ രാഹുല്‍, അത് ചെയ്യരുത്, നമ്മള്‍ ആ വഴിക്കൊന്നും പോവേണ്ട എന്നായിരുന്നു ധര്‍മസേനയുടെ മറുപടി.
പിന്നെ നിങ്ങളെന്താണ് പറയുന്നത്, ഞങ്ങള്‍ ഒന്നും മിണ്ടാതെ വന്ന് പന്തെറിഞ്ഞും ബാറ്റ് ചെയ്തും പോകണമെന്നാണോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ഇത്തരം സംസാരങ്ങള്‍ നമുക്കിവിടെ നിര്‍ത്താം, എല്ലാം കളി കഴിഞ്ഞ ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞ് ധര്‍മസേന തര്‍ക്കം അവസാനിപ്പിച്ചു.
ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 247 റണ്‍സിനാണ് ഓള്‍ ഔട്ടായത്.ഇന്ത്യക്കുവേണ്ടി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീതം വീഴ്തതി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക