
ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ദിനം നാടകീയ രംഗങ്ങള്‍. ആദ്യദിനത്തെ അവസാന പന്തില്‍ സ്റ്റംപിംഗിനുള്ള ജോണി ബെയ്‌ര്‍സ്റ്റോയുടെ ശ്രമത്തെ മാര്‍നസ് ലബുഷെയ്‌ന്‍ ട്രോളിയതാണ് സംഭവം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌തതിന്‍റെ ആവര്‍ത്തനം പോലെയാകുമെന്ന് തോന്നിച്ചു ഈ രംഗങ്ങള്‍.
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ക്രീസ് വിട്ടിറങ്ങിയ ജോണി ബെയ്‌ര്‍സ്റ്റോയെ അപ്രതീക്ഷിതമായി സ്റ്റംപ് ചെയ്യുകയായിരുന്നു അലക്‌സ് ക്യാരി. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയ്‌ര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. ഇതാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ഇതിന്‍മേല്‍ രണ്ട് തട്ടിലായിരുന്നു ക്രിക്കറ്റ് ലോകം. സംഭവത്തിന് പിന്നാലെ ഇംഗ്ലീഷ്, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാര്‍ മുഖാമുഖം വന്നിരുന്നു. ലോര്‍ഡ്‌സില്‍ ബെയ്‌ര്‍സ്റ്റോ പുറത്തായത് പോലെ മാര്‍നസ് ലബുഷെയ്‌ന്‍ മടങ്ങാനുള്ള സാധ്യതയാണ് ഓവലില്‍ ഒരുങ്ങിവന്നത്. എന്നാല്‍ എല്ലാം രസകരമായി അവസാനിച്ചു.
അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തെ അവസാന പന്തില്‍ ക്രീസ് വിട്ടിറങ്ങിയ മാര്‍നസിനെ സ്റ്റംപ് ചെയ്യുമെന്ന് വിക്കറ്റ് കീപ്പര്‍ ബെയ്‌ര്‍സ്റ്റോ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ലബുഷെയ്‌ന്‍ പലകുറി ക്രീസില്‍ ബാറ്റ് മുട്ടിച്ച് വിക്കറ്റാവില്ല എന്ന് ഉറപ്പിച്ചു. അംപയര്‍ ബെയ്‌ല്‍സ് തെറിപ്പിക്കും വരെ മാര്‍നസ് ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവം ബെയ്‌ര്‍സ്റ്റോ ഉള്‍പ്പടെയുള്ള താരങ്ങളിലും ചിരി പടര്‍ത്തിയിരിക്കുകയാണ്. 'ഞങ്ങള്‍ അങ്ങനെ ചെയ്യില്ല' എന്ന് ലോര്‍ഡ്‌സ് സംഭവം ഓസീസിനെ ഓര്‍മ്മപ്പെടുത്തി ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സന്‍ പറയുന്നതും വീഡിയോയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം