
ബാർബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബാർബഡോസില്‍ പരിശീലനം നടത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാർബഡോസിലെ യുവതാരങ്ങളെ ഒപ്പം കൂട്ടിയാണ് രോഹിത് ശർമ്മയും സംഘവും പരിശീലന മത്സരം കളിക്കുന്നത്. ഇതിനിടെ ബാർബഡോസ് താരങ്ങളുടെ മനംകവർന്നിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാർ പേസർ മുഹമ്മദ് സിറാജ്. കരീബിയന്‍ ദ്വീപിലെ ഭാവി താരങ്ങള്‍ക്ക് ബാറ്റും ഒരു ജോഡി ഷൂസും സിറാജ് സമ്മാനിച്ചു. കഠിനമായ വഴികള്‍ പിന്നിട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉയരങ്ങളിലേക്ക് എത്തിയ സിറാജിന്‍റെ ജീവിതം ഓർമ്മിപ്പിക്കുന്നത് കൂടിയായി ഈ കാഴ്ച.
ഡൊമിനിക്കയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലാണ് ടീം ഇന്ത്യ. വിവിധ സംഘങ്ങളായി കരീബിയന്‍ മണ്ണിലേക്ക് എത്തിയ താരങ്ങള്‍ ആദ്യ പരിശീലന മത്സരം കളിച്ചു. ആദ്യ ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാള്‍ അരങ്ങേറ്റം കുറിക്കും. രോഹിത് ശർമ്മയ്ക്കൊപ്പം ജയ്സ്വാള്‍ ഓപ്പണറായി ഇറങ്ങും എന്നാണ് റിപ്പോട്ടുകള്‍. നിലവിലെ ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലേക്ക് മാറും. സീനിയർ താരങ്ങളായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ അഭാവത്തില്‍ ടെസ്റ്റ് നിരയില്‍ പേസാക്രമണം നയിക്കേണ്ടതിന്‍റെ ചുമതല സിറാജിനാണ്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കും. ഏകദിന, ടി20 ടീമുകളില്‍ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടമുണ്ട്.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
Read more: ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം