
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ യുവ താരം യശസ്വി ജയ്സ്വാള്‍ അരങ്ങേറും എന്ന് ഉറപ്പായി. എന്നാല്‍ പ്രതീക്ഷിച്ച മൂന്നാം നമ്പറിന് പകരം ജയ്സ്വാളിനെ ഓപ്പണറായി ഇറക്കാനാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും പദ്ധതിയിടുന്നത്. ഇതോടെ മൂന്നാം നമ്പറിലേക്ക് ശുഭ്‍മാന്‍ ഗില്ലിന് ഇറങ്ങേണ്ടിവരും. മൂന്നാം നമ്പറില്‍ ചേതേശ്വർ പൂജാരയുടെ പിന്‍ഗാമിയായി ഗില്ലിനെയാണ് ടീം മാനേജ്‍മെന്‍റ് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്ത.
കുറച്ച് നാളുകളായി മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലായിരുന്നു ഓപ്പണർ. ഓപ്പണിംഗ് സ്ഥാനത്ത് ഗില്‍ മികവ് തെളിയിക്കുകയും ചെയ്തു. എന്നാല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പുള്ള പരിശീലന മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ തിളങ്ങിയതോടെ ബാറ്റിംഗ് ഓർഡറില്‍ ദ്രാവിഡിനെയും രോഹിത്തിനേയും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിനം നീണ്ട പരിശീലന മത്സരത്തില്‍ മിക്ക ടോപ് ഓർഡർ ബാറ്റർമാർമാരും 50 പന്തുകള്‍ നേരിട്ട ശേഷം റിട്ടയർഡ് ഹർട്ടായെങ്കിലും ബാറ്റിംഗ് തുടരാന്‍ ജയ്സ്വാളിനോട് ആവശ്യപ്പെട്ടു. 74 പന്ത് നേരിട്ട താരം 54 റണ്‍സ് പേരിലാക്കുകയും ചെയ്തു. ഇതോടെ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാള്‍ അരങ്ങേറും എന്ന് ഉറപ്പായി.
നിലവില്‍ ഓപ്പണറായാണ് ഗില്‍ കളിക്കുന്നത് എങ്കിലും ചേതേശ്വർ പൂജാര പോലൊരു താരത്തിന് ഉചിതനായൊരു പിന്‍ഗാമി ഏറെക്കാലത്തേക്ക് വേണം എന്ന ആലോചനയാണ് ശുഭ്‍മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ പരിക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓപ്പണിംഗ് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനാകുന്ന താരമാണ് ഗില്‍. പൂജാരയ്ക്ക് പുറമെ കരിയറിന്‍റെ അവസാന ഘട്ടത്തിലുള്ള അജിങ്ക്യ രഹാനെയുടെ പിന്‍ഗാമിയായോ ഭാവിയില്‍ ഗില്ലിനെ കണ്ടേക്കാം. ഓപ്പണർ സ്ഥാനത്ത് ജയ്സ്വാളിനൊപ്പം അവസരത്തിനായി റുതുരാജ് ഗെയ്‌ക്‌വാദും കാത്തിരിപ്പുണ്ട്. പരിശീലന മത്സരത്തില്‍ സൂപ്പർ താരം വിരാട് കോലിക്ക് തിളങ്ങാനാവാതെ പോയതും മധ്യനിരയ്ക്ക് കരുത്തുകൂട്ടാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് മാറ്റാനുള്ള ആലോചനയ്ക്ക് പിന്നിലുണ്ട്.
ആദ്യ ടെസ്റ്റിലെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്‍മാന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്/ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ/ അക്സർ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഷർദ്ദുല്‍ താക്കൂർ, ജയ്‍ദേവ് ഉനദ്‍കട്ട്, മുഹമ്മദ് സിറാജ്.
Read more: അഗാർക്കറിന്‍റെ മനസില്‍ വ്യക്തമായ പദ്ധതികള്‍; റിങ്കു സിംഗ് ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം