
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയപ്പോള്‍ മത്സരത്തിലെ താരമായത് 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയായിരുന്നു. ആദ്യം സഞ്ജു സാംസണൊപ്പവും പിന്നീട് ശിവം ദുബെക്കൊപ്പവും രണ്ട് അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാവുകയും ഇന്ത്യയെ വിജയവര കടത്തുകയും ചെയ്തതിനാണ് തിലക് വര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ ഓരോ മത്സരത്തിനുശേഷവും ഡ്രസ്സിംഗ് റൂമില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് നല്‍കുന്ന ഇംപാക്ട് പ്ലേയര്‍ പുരസ്കാരം ലഭിച്ചത് തിലക് വര്‍മക്കായിരുന്നില്ല. ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണാണ് ഇംപാക്ട് പ്ലേയറായതെങ്കില്‍ പാകിസ്ഥാനെതിരായ ഫൈനലില്‍ ശിവം ദുബെയാണ് ഇംപാക്ട് പ്ലേയറായത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പവര്‍ പ്ലേയില്‍ രണ്ടോവര്‍ എറിഞ്ഞ ശിവം ദുബെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 22 പന്തില്‍ 33 റണ്‍സെടുത്ത് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
ഇന്ത്യ സമ്മര്‍ദ്ദത്തിലാവുന്ന ഘടത്തിലൊക്കെ നിര്‍ണായക സിക്സുകള്‍ നേടിയ ശിവം ദുബെയാണ് മറുവശത്ത് തിലക് വര്‍മയുടെ സമ്മര്‍ദ്ദം കുറച്ചത്. മത്സരത്തിലെ അവസാന ഓവറിന് തൊട്ടു മുമ്പ് പുറത്തായെങ്കിലും അതിനകം ഇന്ത്യ ലക്ഷ്യത്തിന് 10 റണ്‍സകലെ എത്തിയിരുന്നു. പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനായി വിളിച്ചപ്പോള്‍ താൻ ശരിക്കും ഭയന്നു പോയെന്ന് ശിവം ദുബെ പറഞ്ഞു. സഹതാരങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ് പവര്‍ പ്ലേയില്‍ രണ്ടോവര്‍ എറിയാനായതെന്നും ശിവം ദുബെ പറഞ്ഞു. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ ശിവം ദുബെ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും ഹാര്‍ദ്ദിക്കിന്‍റെ അഭാവം നികത്തിയിരുന്നു.
ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന മികച്ച സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണുണും തിലക് വര്‍മയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക