
ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കറിന്‍റേയും തമാശ. ഏഷ്യാ കപ്പിലും അതിന് ശേഷം നടക്കുന്ന ഏകദിന ലോകകപ്പിലും ടോപ് 5 ബാറ്റര്‍മാരില്‍ ആരെങ്കിലും പന്തെറിയാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടായിരുന്നു ഹിറ്റ്‌മാന്‍റെ രസകരമായ മറുപടി.
ടീം ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റിംഗ് ഓപ്ഷനില്‍ ആരും നിലവില്‍ പന്തെറിയുന്നവരല്ല. അതിനാല്‍ തന്നെ ടീമില്‍ പാര്‍ട്‌ടൈം ബൗളര്‍മാരുടെ അഭാവമുണ്ട് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇതിനെ കുറിച്ചായിരുന്നു ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവേളയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയോട് ചോദ്യം. ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറിനൊപ്പമാണ് ഹിറ്റ്‌മാന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. 'ലോകകപ്പില്‍ രോഹിത്തും കോലിയും കുറച്ച് ഓവറുകള്‍ എറിയുമെന്ന് പ്രതീക്ഷിക്കാം'- ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രതികരണം. ഇതിനോട് അജിത് അഗാര്‍ക്കറുടെ പ്രതികരണം ഇങ്ങനെ. 'ഞങ്ങള്‍ അവരെ പറഞ്ഞ് മനസിലാക്കി'... ക്യാപ്റ്റന്‍റേയും ചീഫ് സെലക്ടറുടേയും ഈ പ്രതികരണം മാധ്യമപ്രവര്‍ത്തകരിലും വലിയ പൊട്ടിച്ചിരിയുണര്‍ത്തി.
ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മാത്രമാണ് ഏഷ്യാ കപ്പ് ടീമിലെ പേസ് ഓള്‍റൗണ്ടര്‍മാര്‍. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമാണ് സ്‌പിന്‍ ഓള്‍റൗണ്ടര്‍മാര്‍. സ്‌പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍മാരായ ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. ഹാര്‍ദികും ജഡേജയും ഷര്‍ദുലും അക്‌സറും ഓള്‍റൗണ്ടര്‍മാരാണെങ്കിലും നാല് പേരും ഒരേസമയം പ്ലേയിംഗ് ഇലവനിലെത്തുക സംശയമാണ്. അതിനാലാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരില്‍ ആരെങ്കിലുമൊക്കെ പാര്‍ട്‌ടൈമര്‍മാരായി പന്തെറിയുമോ എന്ന ചോദ്യം ഉയരുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും മുമ്പ് ടീം ഇന്ത്യക്കായി പന്തെടുത്തിട്ടുള്ളവരാണ്. പരിക്ക് ഭാരമായില്ലെങ്കില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ താരങ്ങള്‍ തന്നെയാകും ലോകകപ്പ് ടീമില്‍ എത്തുക.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).
Read more: മുന്‍കൂര്‍ ജാമ്യമെടുക്കലോ... ലോകകപ്പ് ഫേവറൈറ്റുകള്‍ മിത്ത് മാത്രമെന്ന് രോഹിത് ശര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!