ലോകകപ്പില്‍ നീലപ്പടയെ പല മുന്‍ താരങ്ങളും ഫേവറൈറ്റുകളായി കണക്കാക്കുന്നതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് രോഹിത് ശര്‍മ്മ ഇങ്ങനെ പറയുന്നത്

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ശ്രദ്ധേയ വാക്കുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഫേവറൈറ്റുകള്‍, കറുത്തകുതിരകള്‍ തുടങ്ങിയ സങ്കല്‍പങ്ങളോട് യോജിപ്പില്ല എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍. ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ നീലപ്പടയെ പല മുന്‍ താരങ്ങളും ഫേവറൈറ്റുകളായി കണക്കാക്കുന്നതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് രോഹിത് ശര്‍മ്മ ഇങ്ങനെ പറയുന്നത്. 

ഏകദിന ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡ് കരുത്തരായ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകളെ ഫേവറൈറ്റുകളായി പലരും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നത് ഫേവറൈറ്റ് ടീമുകള്‍ എന്ന തെരഞ്ഞെടുപ്പിനോട് തനിക്ക് യോജിപ്പില്ല എന്നാണ്. ലോകകപ്പിലെ 'ഫേവറൈറ്റുകള്‍, കറുത്തകുതിരകള്‍ തുടങ്ങിയ ആശയങ്ങളോട് എനിക്ക് യോജിപ്പില്ല. മത്സരങ്ങളും ടൂര്‍ണമെന്‍റും നന്നായി കളിക്കുകയാണ് വേണ്ടത്. എല്ലാ ടീമുകളും മികച്ച പോരാട്ടത്തിനായാണ് ഇവിടെ വരിക, അത് നമുക്കറിയാം. ഹോം വേദിയില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും അല്‍പം മുന്‍തൂക്കമുണ്ടാകും, അത്രയേയുള്ളൂ, എല്ലാ ടീമുകളും ഇന്ത്യയില്‍ ഏറെ മത്സരങ്ങള്‍ കളിച്ചവരാണ്. ഇവിടുത്തെ സാഹചര്യം നമുക്ക് നന്നായി അറിയാം. എങ്കിലും ഫേവറൈറ്റുകള്‍ എന്നൊരു സംഗതിയില്ല. സമ്മര്‍ദങ്ങളില്‍ കളിക്കാനും മികവ് കാട്ടാനുമുള്ള നല്ല അവസരമാണ് ഏഷ്യാ കപ്പ്. ലോകകപ്പിന് മുമ്പ് ആവശ്യത്തിന് ഏകദിന മത്സരങ്ങള്‍ ടീമിന് കളിക്കാനുണ്ട്. അതിലൂടെ കൃത്യമായ ടീമിനെ കണ്ടെത്താന്‍ സാധിക്കും' എന്നും ഹിറ്റ്‌മാന്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവേളയില്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ സെലക്ട‍ര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് മാറി ശ്രേയസ് അയ്യരും കെ എല്‍ രാഹുലും തിരിച്ചെത്തിയപ്പോള്‍ ഇരുപതുകാരനായ തിലക് വര്‍മ്മയ്‌ക്ക് ആദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ചു എന്നതാണ് ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയ കാര്യം. പരിക്ക് മാറി അയര്‍ലന്‍ഡ് പര്യടനം കളിക്കുന്ന പേസര്‍മാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്‌ണയും സ്‌ക്വാഡിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ സ്റ്റാന്‍ഡ് ബൈ താരമാണ്. 17 അംഗ സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).

Read more: സഞ്ജു സാംസണ്‍ ഇപ്പോഴും ലോകകപ്പ് പദ്ധതിയില്‍, ധവാനും ചഹലും അശ്വിനും നോക്കണ്ടാ; സൂചന പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം