
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ രണ്ട് ട്വന്‍റി 20 മത്സരങ്ങളിലും ബാറ്റിംഗ് പരാജയമായെങ്കിലും സഞ്ജു സാംസണിന് ആശ്വാസമായി ഒരു സൂപ്പര്‍ ക്യാച്ച്. രണ്ടാം ടി20യില്‍ വിന്‍ഡീസിന്‍റെ വിജയശില്‍പിയായി മാറിയ വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെയാണ് സഞ്ജു ഗംഭീര ക്യാച്ചിലൂടെ മടക്കിയത്.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 153 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ആതിഥേയര്‍ക്ക് മുന്നില്‍ വച്ചുനീട്ടിയത്. മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ വിന്‍ഡീസിന്‍റെ രണ്ട് വിക്കറ്റ് പിഴുത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ റോവ്‌മാന്‍ പവലിനൊപ്പം ക്രീസിലൊന്നിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ ഇന്ത്യക്ക് കനത്ത ഭീഷണി സൃഷ്‌ടിച്ചു. മികച്ച ഫോമും ഗയാനയിലെ ഗംഭീര റെക്കോര്‍ഡും തുടര്‍ന്നായിരുന്നു പുരാന്‍റെ ബാറ്റിംഗ്. 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് സ്കോര്‍ 13.6 ഓവറില്‍ 126ല്‍ എത്തിയപ്പോഴാണ് പുരാനെ ഗംഭീര ക്യാച്ചില്‍ സഞ്ജു പറഞ്ഞയച്ചത്. ബൗണ്ടറിക്കായുള്ള നിക്കോളാസ് പുരാന്‍റെ പവര്‍ ഷോട്ടില്‍ ക്യാച്ച് ആദ്യ ശ്രമത്തില്‍ അല്‍പമൊന്ന് പാളിയെങ്കിലും മനോഹരമായ റിഫ്ലക്‌സിലൂടെ പൂര്‍ത്തിയാക്കുകയായിരുന്നു മലയാളി താരം. ഈ ക്യാച്ച് അവിശ്വസനീയമായിരുന്നു എന്ന് പുരാന്‍റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.
40 പന്തില്‍ 67 റണ്‍സെടുത്ത നിക്കോളാസ് പുരാനെ പുറത്താക്കാനായെങ്കിലും ഇന്ത്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യയുടെ 152 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് ഏഴ് പന്തുകള്‍ ശേഷിക്കേ 8 വിക്കറ്റ് നഷ്‌ടപ്പെടുത്തി 155ലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടീം ഇന്ത്യ തോല്‍വി അറിഞ്ഞത്. കളിയില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് 7 പന്തില്‍ ഏഴ് റണ്‍സേ നേടാനായുള്ളൂ. ആദ്യ ട്വന്‍റി 20യില്‍ 12 റണ്‍സില്‍ താരം മടങ്ങിയിരുന്നു.
Read more: രോഹിത് ശര്‍മ്മ മാത്രം മുന്നില്‍; റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് തൂക്കിയെറിഞ്ഞ് തിലക് വര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!