ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ തിലക് വര്‍മ്മ ടി20 ഫോര്‍മാറ്റില്‍ നാലാം നമ്പറിന് ഉചിതനായ താരമാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് ആദ്യ രണ്ട് രാജ്യാന്തര മത്സരങ്ങളിലും കാഴ്‌ചവെച്ചത്

ഗയാന: പ്രായം വെറും 20! കളിക്കുന്ന രണ്ടാം രാജ്യാന്തര ട്വന്‍റി 20യില്‍ തന്നെ അര്‍ധ സെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗയാനയില്‍ നടന്ന രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മനംകവര്‍ന്ന ഇന്ത്യന്‍ യുവ ബാറ്റര്‍ തിലക് വര്‍മ്മ റെക്കോര്‍ഡിട്ടിരിക്കുകയാണ്. രാജ്യാന്തര ട്വന്‍റി 20യില്‍ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി തിലക് മാറി. 20 വയസും 271 ദിവസവും പ്രായമുള്ളപ്പോഴാണ് തിലകിന്‍റെ ഫിഫ്റ്റി. 20 വയസും 143 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയിരുന്ന ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ മാത്രമാണ് തിലകിന് മുന്നിലുള്ളത്. 21 വയസവും 38 ദിവസവും പ്രായമുള്ളപ്പോള്‍ 50 തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ തിലക് പിന്തള്ളി. 

ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ തിലക് വര്‍മ്മ ടി20 ഫോര്‍മാറ്റില്‍ നാലാം നമ്പറിന് ഉചിതനായ താരമാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് ആദ്യ രണ്ട് രാജ്യാന്തര മത്സരങ്ങളിലും കാഴ്‌ചവെച്ചത്. ആദ്യ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തി 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം തിലക് 39 റണ്‍സ് നേടിയപ്പോള്‍ ടീമിന്‍റെ ടോപ് സ്കോററായിരുന്നു. രണ്ടാം കളിയില്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സോടെയും 51 റണ്‍സും സ്വന്തമാക്കി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴായിരുന്നു സമ്മര്‍ദമേതുമില്ലാതെ തിലക് വര്‍മ്മയുടെ ഈ രണ്ട് ഇന്നിംഗ്‌സുകളും എന്നതാണ് ശ്രദ്ധേയം. ഐപിഎല്ലില്‍ രണ്ട് സീസണുകളിലായി മുംബൈ ഇന്ത്യസിനായി 25 ഇന്നിംഗ്‌സുകളില്‍ 38.95 ശരാശരിയിലും 144.53 സ്ട്രൈക്ക് റേറ്റിലും തിലക് 740 റണ്‍സ് നേടിയിരുന്നു. മൂന്ന് ഫിഫ്റ്റി സഹിതമാണിത്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായി പലരും ഇതിനകം തിലക് വര്‍മ്മയെ വിശേഷിപ്പിച്ചുകഴിഞ്ഞു. രണ്ടാം യുവി എന്നുവരെ നീളുന്നു താരത്തിനുള്ള വിശേഷണം. ഇടംകൈയന്‍ ബാറ്ററായ തിലക് ടീമിന് ബാലന്‍സ് നല്‍കുന്നതിനൊപ്പം സ്ഥിരതയോടെ കളിക്കാനാവുന്ന താരമാണ് എന്നും ഐപിഎല്ലില്‍ തെളിയിച്ചതാണ്. അനായാസം പന്ത് ഹിറ്റ് ചെയ്യാന്‍ കഴിയുന്നതും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനാവുന്നതും തിലകിന് അനുകൂലമായ ഘടകമാണ്. 

Read more: '20 വയസുള്ള ചെക്കനെ കണ്ട് പഠിക്ക്'; സഞ്ജു സാംസണ് ആരാധകരുടെ ഉപദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം