
ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ പുരോഗമിക്കുമ്പോള്‍ ആദ്യദിനം ശ്രദ്ധേയമായത് ഓസീസ് നിരയില്‍ ഉസ്മാന്‍ ഖവാജ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ വരെ സുരക്ഷിതമായി ഓസീസിനെ ഇരുവരും കൊണ്ടുപോയെങ്കിലും ഇടവേളയ്ക്ക് പിന്നാലെ സ്മിത്ത് പുറത്തായി. ഓസീസ് ഇന്നിംഗ്സില്‍ സ്പിന്നർ രവീന്ദ്ര ജഡേജ എറിഞ്ഞ 64-ാം ഓവറിലെ നാലാം പന്ത് പ്രതിരോധിക്കുന്നതില്‍ പാളിയ സ്മിത്തിന്‍റെ കുറ്റി തെറിക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ സ്മിത്ത് മികച്ച സ്കോർ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായപ്പോള്‍ ജഡേജ അദേഹത്തെ പുറത്താക്കുകയായിരുന്നു. 135 പന്തില്‍ 38 റണ്‍സാണ് സ്മിത്തിന്‍റെ സമ്പാദ്യം.
സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ തകർപ്പന്‍ പന്ത് കാണാം. ഇതാദ്യമായല്ല ഈ പരമ്പരയില്‍ ജഡേജയ്ക്ക് മുന്നില്‍ സ്മിത്ത് വിക്കറ്റ് നഷ്ടമാക്കുന്നത്. ഈ പരമ്പരയില്‍ 37, 25*, 0, 9, 26, 38 എന്നിങ്ങനെയാണ് സ്മിത്തിന്‍റെ സ്കോറുകള്‍. ഇന്നത്തെ വിക്കറ്റോടെ സ്മിത്തിനെതിരെ മികച്ച റെക്കോർഡ് പേരിലാക്കാന്‍ ജഡേജയ്ക്കായി. ഇന്ത്യയിലെ ടെസ്റ്റുകളില്‍ ജഡേജയുടെ 602 പന്തുകളില്‍ 198 റണ്‍സ് മാത്രമാണ് സ്മിത്ത് നേടിയത്. ഏഴ് തവണ താരത്തെ ജഡ്ഡു മടക്കി. ഈ ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ സ്മിത്തിനെ മൂന്നാം തവണയാണ് ജഡേജ പുറത്താക്കുന്നത്. മറ്റൊരു ഓസീസ് സ്റ്റാർ ബാറ്ററായ മാർനസ് ലബുഷെയ്ന്‍ നാല് തവണയും ജഡേജയ്ക്ക് മുന്നില്‍ വീണു.
അഹമ്മദാബാദ് ടെസ്റ്റ് ആദ്യ ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 73 ഓവറില്‍ 180-4 എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് 44 പന്തില്‍ 32 ഉം മാർനസ് ലബുഷെയ്ന്‍ 20 പന്തില്‍ മൂന്നും പീറ്റർ ഹാന്‍ഡ്സ്കോമ്പ് 27 പന്തില്‍ 17 ഉം റണ്‍സെടുത്ത് പുറത്തായി. അർധസെഞ്ചുറി പിന്നിട്ട് ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.
വെള്ളക്കുപ്പി കൈയില്‍ നിന്ന് താഴെ വീണതിന് ഇഷാനെ തല്ലാനോങ്ങി രോഹിത്, വിമര്‍ശനവുമായി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!