
ഡബ്ലിന്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വലിയ ആരാധകനാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മുമ്പ് രജനിക്കൊപ്പമുള്ള ചിത്രമൊക്കെ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പല ഇന്റര്‍വ്യൂകളിലും സഞ്ജു പറഞ്ഞിട്ടുണ്ട്, താന്‍ രജനിയുടെ വലിയ ആരാധകനാണെന്ന്. രജനികാന്തവാട്ടെ തന്റെ പുത്തന്‍ പടം 'ജെയ്‌ലര്‍' ബ്ലോക്ക് ബസ്റ്ററായതിന്റെ ആഘോഷത്തിലും. ജെയ്‌ലര്‍ ലോകമെമ്പാടും റിലീസായിരുന്നു. ഏറെ ഇന്ത്യക്കാരുള്ള അയര്‍ലന്‍ഡിലും ചിത്രം ഹിറ്റാണ്.
സഞ്ജു നിലവില്‍ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ന് രണ്ടാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായിരുന്നു. 26 പന്തില്‍ 40 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. സഞ്ജു ക്രീസിലെത്തിയപ്പോഴുള്ള കമന്ററിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ന്യൂസിലന്‍ഡില്‍ നിന്നുള്ള കമന്റേറ്റര്‍ ഡാനി മോറിസണാണ് സഞ്ജുവിനെ കുറിച്ചും തലൈവരുടെ ജെയ്‌ലറിനെ കുറിച്ചും സംസാരിച്ചത്.
സഞ്ജു അയര്‍ലന്‍ഡില്‍ വച്ച് സിനിമ കണ്ടിരുന്നുവെന്ന് കമന്ററിയില്‍ പറയുന്നുണ്ട്. മലയാളി ക്രിക്കറ്റര്‍ രജനിയുടെ വലിയ ആരാധകനാണെന്നും കമന്ററിയില്‍ പറയുന്നത്. വീഡിയോ കാണാം...
അതേസമയം, അയര്‍ലന്‍ഡിനെതിരെ മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഡബ്ലിനില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ നേടിയത്. 43 പന്തില്‍ 58 റണ്‍സ് നേടിയ റുതുരാജ് ഗെയ്കവാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 38 റണ്‍സുമായി റിങ്കു സിംഗ് ബാറ്റിംഗ് അരങ്ങേറ്റം ഗംഭീരമാക്കി.
ഇരു ടീമുകളും ആദ്യ ടി20 മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ആദ്യ കളി മഴയെടുത്തെങ്കിലും രണ്ട് റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിന് ഇറങ്ങിയത്. പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!