വെല്ലിംഗ്ടൺ ടെസ്റ്റിൽ കിവീസ് താരം ഗ്ലെൻ ഫിലിപ്സ് ഡിആർഎസ് എടുക്കുന്നതിൽ നിന്ന് ക്യാപ്റ്റനെ പിന്തിരിപ്പിച്ചതിനാൽ കെ എൽ രാഹുലിന് നിർണായക ജീവൻ ലഭിച്ചു. ഈ അവസരം മുതലെടുത്ത രാഹുൽ ചരിത്ര സെഞ്ചുറി നേടുകയും ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുകയും ചെയ്തു. മത്സരശേഷം ഫിലിപ്സിന് രാഹുൽ നന്ദി പറഞ്ഞു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ചരിത്ര സെഞ്ചുറി നേടിയിരുന്നു. ഇതോടെ സെന രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍ മാറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറും രാഹുല്‍ തന്നെ. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ രാഹുല്‍ പുറത്താവേണ്ടതായിരുന്നു. ന്യൂസിലന്‍ഡ് ഡിആര്‍എസ് എടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഏഴാം ഓവറില്‍ അഞ്ച് റണ്‍സില്‍ നില്‍ക്കുമ്പോള്‍ മാറ്റ് ഹെന്റിയുടെ പന്തിലാണ് നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയത്.

ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാന്‍ മുന്നോട്ട് കയറിയ രാഹുലിന് പിഴച്ചു. സ്വിംഗ് ചെയ്ത പന്ത് പാഡിലും പിന്നീട് ബാറ്റിലും കൊണ്ടു. ഹെന്റി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ കുമാര്‍ ധര്‍മ്മസേന നിരസിച്ചു. ഹെന്റി റിവ്യൂ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ നോട്ടൗട്ടാണെന്ന ഗ്ലെന്‍ ഫിലിപ്‌സിന്റെ വിലയിരുത്തലില്‍ ക്യാപ്റ്റന്‍ ടോം ലാതത്തെ പിന്നോട്ടടിപ്പിച്ചു. ഒടുവില്‍ റിവ്യൂ എടുക്കേണ്ടതില്ലെന്ന് ലാതം തീരുമാനിച്ചതോടെ രാഹുലിന് ജീവന്‍ ലഭിച്ചു. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ രാഹുല്‍ കൃത്യമായി കുടുങ്ങിയിരുന്നുവെന്ന് വ്യക്തമായി.

ന്യൂസിലന്‍ഡ് റിവ്യൂ എടുത്തിരുന്നെങ്കില്‍ രാഹുലിന്റെ ഇന്നിംഗ്‌സ് അവിടെ അവസാനിക്കുകയും നിര്‍ണായക വിക്കറ്റ് അവര്‍ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. ലഭിച്ച ആയുസ് രാഹുല്‍ മുതലെടുക്കുകയും സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. 290 പന്തില്‍ നിന്ന് 136 റണ്‍സ് നേടിയ രാഹുലിന്റെ മികവില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സ് നേടി. 118 റണ്‍സിന്റെ ലീഡാണ് നിലവിലുള്ളത്.

ഈ സംഭവത്തെ കുറിച്ച് മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം രാഹുല്‍ സംസാരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പേരില്‍ ടോം ലാതമിനെ കെട്ടിപ്പിടിക്കുമോ എന്ന ചോദ്യത്തിന്, നന്ദി പറയേണ്ടത് ഫിലിപ്‌സിനോടാണെന്ന് രാഹുല്‍ ഉടന്‍ വ്യക്തമാക്കി. മത്സരം കഴിഞ്ഞാല്‍ ഫിലിപ്‌സിന് കുറച്ച് ഡ്രിങ്ക്‌സ് വാങ്ങിക്കൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു. 'പക്ഷേ ആ നിമിഷം എനിക്ക് തോന്നിയത് പന്ത് ഓഫ് സ്റ്റമ്പിന്റെ ലൈനിന് പുറത്താണ് കൊണ്ടതെന്നാണ്. അതായിരുന്നു എന്റെ തോന്നല്‍.' രാഹുല്‍ പറഞ്ഞു.

ഡിആര്‍എസ് എടുക്കണോ വേണ്ടയോ എന്ന് ന്യൂസിലന്‍ഡ് ആലോചിച്ച സമയം തന്റെ ജീവിതത്തിലെ ഏറ്റവും സാവധാനം കടന്നുപോയ 15 സെക്കന്‍ഡുകളായി തോന്നിയെന്ന് രാഹുല്‍ പറഞ്ഞു. പന്ത് ബാറ്റില്‍ കൊണ്ടെന്ന് ഫിലിപ്‌സ് ഉറപ്പിച്ചു പറഞ്ഞിരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഫിലിപ്‌സ് പറയുന്നത് കേള്‍ക്കണമേ എന്ന് താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ ഓപ്പണര്‍ തമാശരൂപേണ പറഞ്ഞു.

YouTube video player