
മുംബൈ: ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ചരിത്രത്തിലേക്കാണ് മാക്‌സ്‌വെല്‍ സിക്‌സര്‍ പായിച്ചത്. വേദനകൊണ്ട് പുളയുമ്പോഴും ക്രീസില്‍ തുടരാനുള്ള മാക്‌സ്‌വെല്ലിന്റെ നിശ്ചയദാര്‍ഢ്യമാണ് ഓസീസിനെ സെമിയിലെത്തിച്ചത്. അവിശ്വസനീയ കാഴ്ചകളുടെ കൊട്ടകയായി വാംഖഡെ. അഫ്ഗാനിസ്ഥാന്റെ വിജയമോഹങ്ങള്‍ക്ക് മേല്‍ തീമഴയായി ഗ്ലെന്‍ മാക്ല്‌വെല്‍. മാക്‌സ്‌വെല്‍ ക്രീസിലെത്തുമ്പോള്‍ തോല്‍വിയുടെ വക്കിലായിരുന്നു ഓസ്‌ട്രേലിയ. ഹാട്രിക്കിനായി ഓടിയടുത്ത അസ്മത്തുള്ള ഒമര്‍സായിയെ അതിജീവിച്ച് തുടക്കം. ഡിആര്‍എസും ചോരുന്ന അഫ്ഗാന്‍ കൈകളും തുണയായി.
1983 ലോകകപ്പില്‍ കപില്‍ ദേവിന്റെ 175 റണ്‍സുള്‍പ്പടെ ഒറ്റയാള്‍പോരാട്ടങ്ങള്‍ നിരവധി കണ്ടിട്ടുണ്ട് ക്രിക്കറ്റ് ലോകം. ഇതിനെയെല്ലാം അതിജയിച്ച് മാക്‌സ്‌വെല്‍. പരിക്കിനെയും അഫ്ഗാന്‍ ബൗളര്‍മാരെയും അടിച്ചുപറത്തി മാഡ് മാക്‌സ്. റണ്ണെടുക്കുന്നതിനിടെ ഇടയ്ക്ക് ഗ്രൗണ്ടില്‍ വീണുപോയിരുന്നു. മാക്‌സി. പിന്നീടെ ഫിസിയോ ഓടിയെത്തി. ഓസീസ് താരം കളംവിടുമെന്നും പകരം ആഡം സാംപ ക്രീസിലെത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയത്. പിന്നെ നടന്നത് ചരിത്രം. അവസാനം ജയിക്കാന്‍ വേണ്ട 102ല്‍ 98 റണ്‍സും നേടിയത് ഒറ്റക്കാലിലെന്ന് പറയാം.
ഏഴ് വിക്കറ്റ് നഷ്ടമായെങ്കിലും ലക്ഷ്യം അകലെയെങ്കിലും മാക്‌സ്‌വെല്‍ 65 പന്ത് നേരിട്ടപ്പോള്‍ ഓസീസ് ജയം ഉറപ്പിച്ചു. കാരണം മാക്‌സ്‌വെല്‍ 65 പന്ത് നേരിട്ട ഒറ്റക്കളിയിലും ഓസീസ് തോല്‍വി അറിഞ്ഞിരുന്നില്ല. 11 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ മാക്‌സ്‌വെല്‍ നൂറ് പന്തിലേറെ നേരിടുന്നതും ആദ്യം. ഫീല്‍ഡിലെ പഴുതുകള്‍ അനായാസം കണ്ടെത്തിയ മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ പിറന്നത് അസാധാരണ ഷോട്ടുകള്‍. റണ്‍പിന്തുടര്‍ന്ന് ഇരട്ട സെഞ്ചുറിയില്‍ എത്തുന്ന ആദ്യ താരമായ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സില്‍ 21 ഫോറും പത്ത് സിക്‌സും ഉണ്ടായിരുന്നു.
ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയില്‍ എത്തുന്ന ആദ്യ ഓസീസ് താരമാണ് മാക്‌സ്‌വെല്‍. ഓപ്പണറല്ലാതെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യതാരവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!