
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്തായി. ഖുഷ്ദില്‍ ഷാ (69), ബാബര്‍ അസം (64), സല്‍മാന്‍ അഗ (42) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നര്‍, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോം ലാഥം (118), വില്‍ യംഗ് (107) എന്നിവരുടെ സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ടും ന്യൂസിലന്‍ഡിന്റെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിലിപ്‌സിന്റെ ഇന്നിംഗ്‌സ്. ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ് ഫിലിപ്‌സ്. അതിശയിപ്പിക്കുന്ന ഒരു ക്യാച്ച് കയ്യിലൊതുക്കുകയും ചെയ്തു. മുഹമ്മദ് റിസ്വാനെ (3) പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സാണോ, അതോ ഫിലിപ്‌സാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ന് റിസ്വാനെ പുറത്താക്കാന്‍ ഫിലിപ്‌സ് എടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം...
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പ്രതിരോധത്തിലൂന്നിയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 10 ഓവറിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. സൗദ് ഷക്കീല്‍ (19 പന്തില്‍ 6), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 3) എന്നിവരാണ് ആദ്യം മടങ്ങിയത്. ഇരുവരും മടങ്ങുമ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. നാലാമായി ക്രീസിലെത്തി ഫഖര്‍ സമാന് 24 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫഖര്‍ കൂടി മടങ്ങിയതോടെ മൂന്നിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍. ബാബര്‍ - സല്‍മാനും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സല്‍മാനെ പുറത്താക്കി നതാന്‍ സ്മിത്ത് കിവീസിന് ബ്രേക്ക് ത്രൂ നല്‍കി.
വൈകാതെ ബാബറും മടങ്ങി. ഇതിനിടെ തയ്യബ് താഹിറും (1) നിരാശപ്പെടുത്തി. ഖുഷ്ദില്‍ ഷായുടെ ഇന്നിംഗ്സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ഷഹീന്‍ അഫ്രീദി (14), നസീം ഷാ (13), ഹാരിസ് റൗഫ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!