
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കെന്‍റില്‍ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീം നാളെ ഇന്ത്യ എ ടീമുമായിയ ത്രിദിന പരിശീലന മത്സരത്തില്‍ കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി നെറ്റ്സില്‍ താരങ്ങള്‍ കഠിന പരിശീലനം നടത്തുമ്പോള്‍ കെന്‍റ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പരിസരവാസികള്‍ക്ക് ഭീഷണിയാകുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്‍റെ സിക്സര്‍ അടി.
നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ റിഷഭ് പന്ത് തൂക്കിയടിച്ച പല പന്തുകളും ചെന്ന് പതിച്ചത് സമീപത്തെ താമസക്കാരുടെ ബാല്‍ക്കണിയിലും വീട്ടുമുറ്റത്തും മേല്‍ക്കൂരയിലുമൊക്കെയായിരുന്നു. റിഷഭ് പന്ത് തൂക്കിയടിച്ച പന്തുകള്‍ സമീപത്തെ വീടുകളില്‍ നിന്ന് എടുത്തുകൊണ്ടുവരുന്ന ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈ മാസം 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന റിഷഭ് പന്തിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനാകുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് റിഷഭ് പന്ത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തില്‍ നിരാശപ്പെടുത്തിയ പന്ത് ഐപിഎല്ലില്‍ 27 കോടി രൂപക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സിലെത്തിയെങ്കിലും 14 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും മാത്രമാണ് നേടാനായത്.
ലക്നൗവിന്‍റെ അവസാന മത്സരത്തിലായിരുന്നു റിഷഭ് പന്ത് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പരിശീലന മത്സരങ്ങളില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെല്‍ തിളങ്ങിയത് റിഷഭ് പന്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുന്നുമുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക