
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ സഞ്ജു ഇത്തവണ പ്രീതിപ്പടുത്തി. 41 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.
നാല് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ മനോഹര ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സിക്‌സുകള്‍ രണ്ടാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ യാന്നിക് കറിയക്കെതിരെ ആയിരുന്നു. ഒരെണ്ണം ജെയ്ഡന്‍ സീല്‍സിനെതിരേയും. നാലും ഒന്നിനൊത്ത് മെച്ചം. ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ത്താണ് സഞ്ജു മടങ്ങുന്നത്. സഞ്ജു നേടിയ സിക്‌സുകളുടെ വീഡിയോ കാണാം...
റുതുരാജ് ഗെയ്കവാദ് (8) പുറത്തായ ശേഷം നാലാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ട്രിനിഡാഡില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ മൂന്നിന് 238 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന് കിഷനാണ് (64 പന്തില്‍ 77) പുറത്തായ മറ്റൊരു താരം. ശുഭ്മാന്‍ ഗില്‍ (77), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് ക്രീസില്‍. എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചാണ് കിഷന്‍ മടങ്ങിയത്. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആയിരുന്നിത്.
അതിന് തൊട്ടുമുമ്പുള്ള വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറികള്‍ നേടി എം എസ് ധോണിയും പട്ടികയിലെത്തി. മുഹമ്മദ് അസറുദ്ദീന്‍ (1993 - ശ്രീലങ്ക), ദിലീപ് വെംഗ്‌സര്‍ക്കാര്‍ (1985 - ശ്രീലങ്ക), കെ ശ്രീകാന്ത് (1982 - ശ്രീലങ്ക) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
രണ്ടാം ഏകദിനത്തിലെ പോലെ പരീക്ഷണ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല, രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പുറത്തായി. ഗെയ്കവാദ്, ജയദേവ് ഉനദ്ഖട് എന്നിവരാണ് പകരക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!