
ബെര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ ബ്രൂക്ക് നല്‍കിയ ക്യാച്ച് ഗില്‍ വിട്ടുകളയുകയായിരുന്നു. 63 റണ്‍സെടുത്തിരിക്കെയാണ് ബ്രൂക്ക് ക്യാച്ചിനുള്ള അവസരം നല്‍കിയത്. ഇപ്പോള്‍ ബ്രൂക്ക് സെഞ്ചുറിയും കടന്ന് ബാറ്റിംഗ് തുടരുകയാണ്.
വേഗത്തിലാണ് പന്ത് സ്ലിപ്പിലേക്ക് വന്നത്. ഗില്ലിന് കൈ കൊണ്ട് തടഞ്ഞിടാന്‍ പോലും സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം. പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ല. ഗില്ലിന്റെ തലയിലാണ് പന്ത് തട്ടിയത്. പിന്നാലെ ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചെങ്കിലും കാര്യമായ പരിക്കൊന്നുമുണ്ടായിരുന്നില്ല. ബോള്‍ തലയില്‍ തട്ടിയ ഉടനെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തും ഗില്ലിന്റെ തലയില്‍ തടവി നോക്കുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം…
ബ്രൂക്കിനൊപ്പം (157) ജാമി സ്മിത്തും (161) സെഞ്ചുറിയോട് ക്രീസിലുണ്ട്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലായ ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇരുവരുടേയും കൂട്ടുകെട്ടാണ്. ഇതുവരെ 293 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇന്ന് തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മൂന്നിന് 77 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് ഇന്ന് ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജിനാണ്. റൂട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ സ്റ്റോക്‌സും മടങ്ങി. ഇത്തവണയും പന്തിന് തന്നെയായിരുന്നു ക്യാച്ച്. സിറാജിന് ഒന്നാകെ മൂന്ന് വിക്കറ്റായി.
തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 210 റണ്‍സാണ് വേണ്ടത്. ഇന്നലെ സാക് ക്രൗളിയെ (19) പുറത്താക്കാന്‍ സിറാജിന് സാധിച്ചിരുന്നു. സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് ക്രൗളി മടങ്ങിയത്. ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഒരോവറില്‍ തന്നെ ആകാശ് ദീപും പുറത്താക്കി. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും മടങ്ങുന്നത്.
കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ഡക്കറ്റിനെ ആകാശ് തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ മറ്റൊരു സെഞ്ചുറിക്കാരന്‍ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കി. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിക്ക് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!