സ്മിത്തിന് പുറമെ ബ്രൂക്കിനും സെഞ്ചുറി; ഇംഗ്ലണ്ട് ശക്തമായ നിലയില്‍, ഫോളോഓണ്‍ ഒഴിവാക്കിയേക്കും, വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ

Published : Jul 04, 2025, 08:33 PM IST
Harry Brook

Synopsis

ഹാരി ബ്രൂക്കും ജാമി സ്മിത്തും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ട് ഫോളോഓൺ ഒഴിവാക്കാൻ സാധ്യത.

ബെര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ബെര്‍മിംഗ്ഹാമില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സെടുത്തിട്ടുണ്ട്. ഹാരി ബ്രൂക്ക് (140), ജാമി സ്മിത്ത് (157) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ 232 റണ്‍സ് പിറകിലാണിപ്പോള്‍ ഇംഗ്ലണ്ട്. ഫോളോഓണ്‍ ഒഴിവാക്കാന്‍ വേണ്ടത് 32 റണ്‍സ് മാത്രം. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 587ന് അവസാനിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ (269) പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഒരു ഘട്ടത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ട്. പിന്നീട് ബ്രൂക്ക് - സ്മിത്ത് സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ഇതുവരെ 271 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇന്ന് തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മൂന്നിന് 77 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് ഇന്ന് ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജിനാണ്. റൂട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ സ്റ്റോക്‌സും മടങ്ങി. ഇത്തവണയും പന്തിന് തന്നെയായിരുന്നു ക്യാച്ച്.

ഒന്നാകെ സിറാജിന് മൂന്ന് വിക്കറ്റായി. തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. സ്മിത്താണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ഇതുവരെ 169 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 19 ഫോറും നേടി. ബ്രൂക്കിന്റെ അക്കൗണ്ടില്‍ ഒരു സിക്‌സും 15 ഫോറുമുണ്ട്. ഇന്നലെ സാക് ക്രൗളിയെ (19) പുറത്താക്കാന്‍ സിറാജിന് സാധിച്ചിരുന്നു. സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് ക്രൗളി മടങ്ങിയത്. ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഒരോവറില്‍ തന്നെ ആകാശ് ദീപും പുറത്താക്കി. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും മടങ്ങുന്നത്.

കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ഡക്കറ്റിനെ ആകാശ് തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ മറ്റൊരു സെഞ്ചുറിക്കാരന്‍ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കി. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിക്ക് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

ആറാം വിക്കറ്റില്‍ ജഡേജക്കൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം(42) സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ആദ്യ ടെസ്റ്റിലേതുപോലെ വാലറ്റം തകര്‍ന്നടിഞപ്പോള്‍ അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും