
നാഗ്പൂര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫീല്‍ഡിംഗ് നാഗ്പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിനെ സ്ലിപ്പില്‍ വിട്ടുകളഞ്ഞിരുന്നു കോലി. അക്‌സര്‍ പട്ടേലിന്റെ പന്തിലായിരുന്നു സംഭവം. ഇതോടെ കോലിയുടെ ഫീല്‍ഡിംഗ് കഴിവ് ചോദ്യം ചെയ്യപ്പെട്ടു. മുമ്പും അനായാസ ക്യാച്ചുകള്‍ പോലും അടുത്തകാലത്ത് വിട്ടുകളഞ്ഞിരുന്നു.
മത്സരത്തിലെ 16-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു അത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് ക്യാച്ച് കയ്യിലൊതുക്കാനായില്ല. ഓഫ്സ്റ്റംപിന് പുറത്തുവന്ന അക്സറിന്റെ ഒരു പന്ത് സ്മിത്ത് കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എഡ്ജായ പന്ത് വേഗത്തില്‍ സ്ലിപ്പിലേക്ക്. കോലി വലങ്കയ്യുകൊണ്ട് പന്ത് കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോള്‍ ആറ് റണ്‍സ് മാത്രമായിരുന്നു സ്മിത്ത് നേടിയിരുന്നത്.
രണ്ടാം ഇന്നിംഗ്‌സിലും സമാന സംഭവമുണ്ടായി. ഇത്തവണ രക്ഷപ്പെട്ടത് അപകടകാരിയായ ഡേവിഡ് വാര്‍ണര്‍. അശ്വിന്റെ പന്തിലായിരുന്നു കോലി ഒരിക്കല്‍ കൂടി ക്യാച്ച് നഷ്ടമാക്കിയത്. അതും അനായാസമായി കയ്യിലേക്ക് വന്ന ക്യാച്ച്. അപ്പോള്‍ റണ്‍ മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. വീഡിയോ കാണാം....
ആദ്യം ഉസ്മാന്‍ ഖവാജ പുറത്താവുമ്പോള്‍ സ്ലിപ്പില്‍ ക്യാച്ചെടുത്തതും കോലിയായിരുന്നു. അശ്വിനായിരുന്നു വിക്കറ്റ്. അഞ്ച് റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിട 177, 91, ഇന്ത്യ 400.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!