ഇനി പിന്തുണ ഈ താരത്തിന്; നയം വ്യക്തമാക്കി സെലക്‌ടര്‍മാര്‍; ധോണി യുഗം അവസാനിക്കുന്നു?

By Web TeamFirst Published Oct 25, 2019, 10:55 AM IST
Highlights

എം എസ് ധോണിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ അടയുകയാണെന്ന് വ്യക്തമായ സൂചന നല്‍കി എം എസ് കെ പ്രസാദ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എം എസ് ധോണി യുഗം അവസാനിക്കുന്നതായി സൂചന നല്‍കി മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. ബംഗ്ലാദേശിനെതിരായ പരമ്പരയിലും കളിക്കാത്ത ധോണിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ അടയുകയാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസാദിന്‍റെ വാക്കുകള്‍.

'ലോകകപ്പിന് ശേഷമുള്ള എന്‍റെ നയം വ്യക്തമാണ്. ലോകകപ്പിന് പിന്നാലെ ഋഷഭ് പന്തിനെ പിന്തുണക്കാനാരംഭിച്ചു. പന്തിനെ ഇപ്പോഴും പിന്തുണയ്‌ക്കുകയും അദേഹത്തിന്‍റെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ആഗ്രഹിക്കുന്നത്. നമ്മുടെ പ്രതീക്ഷയോളം മികച്ച പ്രകടനം അയാള്‍ക്ക് പുറത്തെടുക്കാനായിട്ടുണ്ടാവില്ല. എന്നാല്‍ പിന്തുണ നല്‍കി മാത്രമെ ഒരു താരത്തെ വളര്‍ത്തിയെടുക്കാനാകൂ. ഋഷഭ് പന്ത് മികവിലേക്കെത്തുമെന്നാണ് പ്രതീക്ഷ' എന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി. 

ധോണിക്കപ്പുറമുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കുകയാണോ എന്ന ചോദ്യത്തിനും മുഖ്യ സെലക്‌ടര്‍ മറുപടി നല്‍കി. 'ധോണിയില്‍ നിന്ന മാറിച്ചിന്തിക്കുകയാണ് എന്ന് ലോകകപ്പിന് ശേഷം വ്യക്തമായ ഉത്തരം ഞാന്‍ നല്‍കിയിരുന്നു. ടീമില്‍ നിലയുറപ്പിക്കാന്‍ പാകത്തില്‍ വളരാന്‍ യുവതാരങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഋഷഭ് പന്തും സഞ്ജു സാംസണും മികവ് കാട്ടുന്നുണ്ട്. എന്താണ് ഞങ്ങളുടെ മനസിലെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ധോണിയുമായി സംസാരിച്ചിരുന്നു, യുവ താരങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ധോണിക്കും ഉള്ളതെന്നും' എം എസ് കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

'ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നതും ഫോം വീണ്ടെടുക്കുന്നതും ധോണിയില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്ന കാര്യമാണ്. എല്ലാ തീരുമാനവും അദേഹത്തിന്‍റെ മാത്രമായിരിക്കും. ഇന്ത്യന്‍ ടീമിന്‍റെ ഭാവി ലക്ഷ്യമിട്ടുള്ള പാത സെലക്‌ടര്‍മാര്‍ തുറന്നിട്ടുണ്ട്'. ഝാർഖണ്ഡ്‌ അണ്ടര്‍ 23 ടീമിനൊപ്പം ധോണി പരിശീലനം ആരംഭിക്കും എന്ന വാര്‍ത്തകളോട് എം എസ് കെ പ്രസാദിന്‍റെ പ്രതികരണം ഇതായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കണോ അതോ വിരമിക്കണോ എന്ന തീരുമാനം ഇതോടെ ധോണിയില്‍ മാത്രമായിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ പരമ്പരയ്‌ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും ധോണിക്ക് അവസരം നല്‍കിയിട്ടില്ല. ബംഗ്ലാദേശിനെതിരായ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവരുമായി മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. 
 

click me!