
തിരുവനന്തപുരം: സ്ഥിരത നിലനിർത്തിയാൽ സഞ്ജു സാംസണ് ഇനിയും അവസരങ്ങൾ നൽകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. സഞ്ജുവിൽ നിന്ന് ടോപ് ഓർഡർ ബാറ്റ്സ്മാനെയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രകടനത്തിലൂടെ സഞ്ജു വലിയ തിരിച്ച് വരവ് നടത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം ധോണിയുടെ പിൻഗാമിയായി പരിഗണിക്കുന്നത് റിഷബ് പന്തിനെയാണെന്നും മുഖ്യ സെലക്ടര്‍ വ്യക്തമാക്കി.
ഇന്നലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സഞ്ജുവിനെ വീണ്ടും തെരഞ്ഞെടുത്തുകൊണ്ടുള്ള വിളിയെത്തിയത്. ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയാറാണെന്ന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സഞ്ജു പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഈ വിളി പ്രതീക്ഷച്ചിരുന്നെന്നും മലയാളി താരം വ്യക്തമാക്കി. വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി അടിച്ച ഇന്നിംഗ്സിനുശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം കാത്തിരിക്കുകയായിരുന്നു.
ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനേക്കാള്‍ ഒരുപാട് മാറ്റം ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ട്. കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. മോശം സമയവും നല്ല സമയവും മാറി മാറി വന്നിട്ടുണ്ട്. മോശം സമയത്ത് കൂടെനിന്നവരുണ്ട്. നല്ലസമയത്ത് എന്റെ ശക്തിയെയും ദൗര്‍ബല്യത്തെയുക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ കുറച്ചുകൂടി പക്വതയുള്ള വ്യക്തിയും കളിക്കാരാനുമായാണ് താന്‍ സ്വയം വിലയിരുത്തുന്നതെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!