
ഹെഡിങ്‌ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 608 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അവസാന ദിനം സമനിലക്കുവേണ്ടിയും ശ്രമിക്കുമെന്ന സൂചന നല്‍കി സഹപരിശീലകന്‍ മാര്‍ക്കസ് ട്രസ്ക്കോത്തിക്. ടെസ്റ്റിൽ ഫലമുണ്ടാക്കാനായി ഏത് വലിയ വിജയലക്ഷ്യവും പിന്തുടരാന്‍ മാത്രം മണ്ടന്‍മാരല്ല ഇംഗ്ലണ്ട് ടീമെന്ന് ട്രെസ്കോത്തിക് നാലാം ദിനത്തിലെ കളിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇംഗ്ലണ്ട് എല്ലായ്പ്പോഴും കളിക്കാറുള്ളത്. മത്സരത്തിലെ സാഹചര്യം മാറുമ്പോള്‍ ടീമിന്‍റെ സമീപനവും മാറും. ഈ ടെസ്റ്റില്‍ ഇനി സമനില മാത്രമാണ് മുന്നിലുള്ള വഴിയെന്ന് വ്യക്തമായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിന് ശ്രമിക്കും. ജയം അല്ലെങ്കില്‍ തോല്‍വി എന്ന് മാത്രം ചിന്തിച്ച് ബാറ്റ് ചെയ്യാന്‍ മാത്രം ഞങ്ങള്‍ മണ്ടന്‍മാരല്ല. ഒരു കളിയില്‍ എപ്പോഴും മൂന്ന് ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. സാഹചര്യം അനുസരിച്ച് സമീപനത്തില്‍ മാറ്റം വരുത്താൻ ഞങ്ങള്‍ തയാറാണ്.
ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായശേഷം തുടങ്ങിയ ബാസ്ബോൾ യുഗത്തില്‍ മഴ തടസപ്പെടുത്തിയ ആഷസ് പരമ്പരയിലെ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്. എന്നാല്‍ എന്തുവിലകൊടുത്തും ഇംഗ്ലണ്ട് ജയിക്കാന്‍ ശ്രമിക്കുമെന്ന് പറയുന്നത് ഡ്രസ്സിംഗ് റൂമില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പുറത്തുള്ളവരുടെ കാഴ്ചപ്പാട് മാത്രമാണെന്നും ട്രെസ്കോത്തിക് പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പുറത്തുള്ളവരെക്കാള്‍ ഞങ്ങൾക്ക് കൂടുതല്‍ അറിയാം. എല്ലാ മത്സരങ്ങളും ജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ കളിക്കുന്നത്. പക്ഷെ അതിന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ അതിനനുസരിച്ച് സമീപനം മാറ്റാന്‍ ശ്രമിക്കും. അതിന് അനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ട്രെസ്കോത്തിക് പറഞ്ഞു.
അവസാന ദിവസത്തെ കളിയെ പോസറ്റീവായി സമീപിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. ആദ്യ 10-15 ഓവറുകളില്‍ പന്തിന്‍റെ തിളക്കം പോയി മൃദുവാകുന്നതുവരെ കരുതലോടെ മാത്രമെ കളിക്കാനാകു. അതിനുശേഷം എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കും. എങ്കിലും അവസാന ദിനം 536 റണ്‍സ് അടിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നും ട്രെസ്കോത്തിക് വ്യക്തമാക്കി. എത്ര വലിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചാലും ഇംഗ്ലണ്ട് അത് പിന്തുടരുമെന്ന് ലോകത്തെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നായിരുന്നു മൂന്നാം ദിനത്തിലെ കളിക്കുശേഷം ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പറഞ്ഞത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 72-3 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. 15 റണ്‍സോടെ ഹാരി ബ്രൂക്കും 24 റണ്‍സോടെ ഒല്ലി പോപ്പുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക