
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ യുഎഇക്കെതിരായ മത്സരത്തില്‍ ആരാകും ഇന്ത്യയുടെ ഓപ്പണര്‍ എന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. ടൂര്‍ണമെന്‍റിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ വാര്‍ത്താ സമ്മേളനത്തിലാണ് ആരാകും യുഎഇക്കെതിരെ ഇന്ത്യയുടെ ഓപ്പണര്‍മാരാകുക എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.. സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യുമോ എന്ന ചോദ്യത്തിന് സാര്‍, പ്ലേയിംഗ് ഇലവന്‍ ഞാന്‍ താങ്കള്‍ക്ക് മെസേജ് ചെയ്ത് തരാമെന്നായിരുന്നു സൂര്യയുടെ തമാശകലര്‍ന്ന മറുപടി. സഞ്ജു ഓപ്പണറായി ടീമിലുണ്ടാവുമോ എന്ന ചോദ്യത്തിന് ഞങ്ങളവനെ നല്ലപോലെ നോക്കുന്നുണ്ട്, ഒരു ആശങ്കയും വേണ്ട, നാളെ ഞങ്ങള്‍ ശരിയായ തീരുമാനമെടുക്കുമെന്നും സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി.
പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ മത്സരത്തിലും ആക്രമണോത്സുകതയോടെ കളിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും ആക്രമണോത്സുകതയില്ലാതെ ഒരു ടീമിനും ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നുമായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. ഏഷ്യാ കപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകള്‍ എന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലെന്ന് സൂര്യകുമാര്‍ മറുപടി നല്‍കി. ഏഷ്യാ കപ്പിന് മികച്ച തയാറെടുപ്പോടെയാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ജനുവരി-ഫെബ്രുവരിയിലാണ് ടീം അവസാനം ടി20 പരമ്പര കളിച്ചത്. അതിനുശേഷം ടീം അംഗങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് ടീം അംഗങ്ങള്‍ ഒരുമിച്ച് കളിക്കാനിറങ്ങുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഫേവറൈറ്റുകളില്ലെന്നായിരുന്നു പാക് നായകന്‍ സല്‍മാന്‍ ആഗയുടെ പ്രതികരണം. ഒന്നോ രണ്ടോ ഓവറുകള്‍ക്കിടയില്‍ കളിയുടെ ഗതി തന്നെ മാറിമറിയാമെന്നും തങ്ങളുടേതായ ദിവസം ഏത് ടീമിനും ഏത് ടീമെനയും തോല്‍പ്പിക്കാന്‍ കഴിയുമെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇന്ന് അഫ്ഗാനിസ്ഥാന്‍-ഹോങ്കോംഗ് പോരാട്ടത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ നാളെ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!