2031-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ സഹ-ആതിഥേയരായും, 2029-ലെ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരായും ഐസിസി ഇന്ത്യയെ തിരഞ്ഞെടുത്തു. 2035 വരെയുള്ള പ്രധാന ടൂർണമെന്‍റുകളുടെ കലണ്ടർ ഐസിസി പുറത്തുവിട്ടു.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇരട്ടിമധുരവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പ്രഖ്യാപനം. 2031-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ സഹ-ആതിഥേയരായും, 2029-ലെ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരായും ഇന്ത്യയെ തിരഞ്ഞെടുത്തു. ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിന് ശേഷമാണ് 2035 വരെയുള്ള പ്രധാന ടൂർണമെന്‍റുകളുടെ കലണ്ടർ പുറത്തുവിട്ടത്. ബംഗ്ലാദേശിനൊപ്പം ചേർന്നാണ് ഇന്ത്യ 2031 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഒക്ടോബർ 9 മുതൽ നവംബർ 23 വരെയാണ് ടൂർണമെന്‍റ് നടക്കുക.

ഇത് അഞ്ചാം തവണയാണ് ഏകദിന ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുന്നത്. 1987-ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പിന് വേദിയായത് (പാകിസ്ഥാനും ശ്രീലങ്കയ്ക്കുമൊപ്പം). തുടർന്ന് 1996-ലും, പിന്നീട് 2011-ൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പവും ഇന്ത്യ സഹ-ആതിഥേയരായി. 2023-ൽ ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയായപ്പോൾ അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

23 വർഷത്തിന് ശേഷം ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലേക്ക്

2006-ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകുന്നത്. 2029 ഒക്ടോബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ നടക്കുക. നിലവിലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യയ്ക്ക് സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. 2028-ൽ ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പോടെയാണ് പുതിയ കലണ്ടർ ആരംഭിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

2030-ലെ ടി20 ലോകകപ്പിന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവർ സംയുക്ത വേദിയാകും. 2032, 2034 വർഷങ്ങളിലെ ടി20 ലോകകപ്പുകളുടെയും, 2035 ഒക്ടോബർ 2 മുതൽ നവംബർ 18 വരെ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെയും തീയതികൾ പ്രഖ്യാപിച്ചെങ്കിലും വേദികൾ പിന്നീട് തീരുമാനിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ 2035 വരെ ഓരോ രണ്ട് വർഷം കൂടുമ്പോഴും ജൂൺ മാസത്തിൽ തന്നെ നടക്കും. 2029, 2031 വർഷങ്ങളിലെ ഫൈനലുകൾക്ക് ഇംഗ്ലണ്ട് വേദിയാകുമ്പോൾ, 2033, 2035 ഫൈനലുകളുടെ വേദികൾ ഐസിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

  • 2035 വരെയുള്ള പ്രധാന ഐസിസി പുരുഷ ടൂർണമെന്‍റുകൾ:
  • 2028: ടി20 ലോകകപ്പ് – ഓസ്ട്രേലിയ, ന്യൂസിലൻഡ് (ഒക്ടോബർ 12 – നവംബർ 12)
  • 2029: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ – ഇംഗ്ലണ്ട് (ജൂൺ 8–12)
  • 2029: ചാമ്പ്യൻസ് ട്രോഫി – ഇന്ത്യ (ഒക്ടോബർ 9–28)
  • 2030: ടി20 ലോകകപ്പ് – ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ് (ജൂലൈ 4 – ഓഗസ്റ്റ് 4)
  • 2031: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ – ഇംഗ്ലണ്ട് (ജൂൺ 12–16)
  • 2031: ഏകദിന ലോകകപ്പ് – ഇന്ത്യ, ബംഗ്ലാദേശ് (ഒക്ടോബർ 9 – നവംബർ 23)
  • 2032: ടി20 ലോകകപ്പ് – വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 14 – നവംബർ 14)
  • 2033: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ – വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 9–13)
  • 2033: ചാമ്പ്യൻസ് ട്രോഫി – വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2–23)
  • 2034: ടി20 ലോകകപ്പ് – വേദി തീരുമാനിച്ചിട്ടില്ല (ജൂലൈ 6 – ഓഗസ്റ്റ് 6)
  • 2035: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ – വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 7–11)
  • 2035: ഏകദിന ലോകകപ്പ് – വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2 – നവംബർ 18).
    YouTube video player