'കോലിക്ക് അഭിപ്രായം പറയാം'; ഗെയ്‌ക്‌വാദിന്‍റെ വായടപ്പിച്ച് കപില്‍ ദേവ്

By Web TeamFirst Published Aug 2, 2019, 10:01 AM IST
Highlights

കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന സമിതി അംഗം അൻഷുമാൻ ഗെയ്‌ക്‌വാദിന്‍റെ വാക്കുകള്‍ തള്ളിയാണ് കപിൽ രംഗത്തെത്തിയത്. 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നായകന്‍ വിരാട് കോലിക്ക് അഭിപ്രായം പറയാമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി തലവൻ കപിൽ ദേവ്. കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന സമിതി അംഗം അൻഷുമാൻ ഗെയ്‌ക്‌വാദിന്‍റെ വാക്കുകള്‍ തള്ളിയാണ് കപിൽ രംഗത്തെത്തിയത്. സമിതിയിലെ മൂന്നാമത്തെ അംഗമായ ശാന്ത രംഗസ്വാമിയും കോലിക്ക് പിന്തുണയുമായെത്തി. 

രവി ശാസ്‌ത്രി മുഖ്യ പരിശീലകനായി തുടരണമെന്നാണ് ടീമിന്‍റെ ആഗ്രഹം എന്നായിരുന്നു വിൻഡീസ് പര്യടനത്തിന് പുറപ്പെടും മുൻപ് കോലി പറഞ്ഞത്. 'കോലി അടക്കമുള്ളവരുടെ അഭിപ്രായം പരിഗണിക്കും. ഇന്ത്യൻ ടീമിന് ഏറ്റവും മികച്ച പരിശീലക സംഘത്തെയാണ് തിരഞ്ഞെടുക്കുക' എന്നും കപിൽ ദേവ് പറഞ്ഞു.

കോലിയുടെ അഭിപ്രായം പരിഗണിക്കില്ലെന്ന് അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിരാട് കോലി എന്തു പറഞ്ഞുവെന്നോ മറ്റുള്ളവര്‍ എന്ത് പറഞ്ഞുവെന്നോ ഉപദേശക സമിതിക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗെയ്‌ക്‌വാദിന്‍റെ വാക്കുകള്‍. ഇതിനുപിന്നാലെ കോലിയെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. ആരാകണം പരിശീലകന്‍ എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ നായകന് അവകാശമുണ്ടെന്ന് ദാദ വ്യക്തമാക്കി.

click me!