ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്; ആദ്യ ടെസ്റ്റിന് രണ്ടാം നിര ടീം

Published : Jun 30, 2023, 09:48 AM IST
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച്  വിന്‍ഡീസ്; ആദ്യ ടെസ്റ്റിന് രണ്ടാം നിര ടീം

Synopsis

 ടെസ്റ്റ് ടീം അംഗങ്ങളായ അല്‍സാരി ജോസഫ്, കെയ്ല്‍ മയേഴ്സ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ക്കും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നാണ് കരുതുന്നത്.

ജമൈക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് തെര‍ഞ്ഞെടുക്കാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്.  ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ന് തുടങ്ങുന്ന പരിശീലന ക്യാംപിലേക്കുള്ള 18 അംഗ ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചത്. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് തന്നെയാണ് 18 അംഗ ടീമിലെ നായകന്‍. എന്നാല്‍ സിംബാബ്‌വെയില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കുന്ന ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരാന്‍ എന്നിവര്‍ പരിശീലന ക്യാംപിലേക്ക് തെര‌ഞ്ഞെടുത്ത 18 അംഗ ടീമില്‍ ഇല്ല.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഫൈനലില്‍ എത്തുകയാണെങ്കില്‍ ഇവര്‍ക്ക് ആദ്യ ടെസ്റ്റ് തുടങ്ങുന്ന 12ന് മുമ്പ് ടീമിനൊപ്പം ചേരാനാവില്ല എന്നതിനാലാണ് ഇവരെ ഒഴിവാക്കിയത്. അടുത്ത മാസം ഒമ്പതിന് സിംബാബ്‌വെയിലെ ഹരാരെയിലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഫൈനല്‍. ഹരാരെയില്‍ നിന്ന് ആദ്യ ടെസ്റ്റ് നടക്കുന്ന ഡൊമനിക്കയിലേക്ക് നേരിട്ട് വിമാനങ്ങളില്ലാത്തതിനാല്‍ രണ്ടോ മൂന്നോ ദിവസത്തെ യാത്രക്ക് ശേഷമെ നാട്ടില്‍ തിരിച്ചെത്താനാവു.

അതിനാല്‍ ഇരുവര്‍ക്കും പുറമെ ടെസ്റ്റ് ടീം അംഗങ്ങളായ അല്‍സാരി ജോസഫ്, കെയ്ല്‍ മയേഴ്സ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ക്കും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന്‍റെ രണ്ടാം നിര ടീമാകും ഗ്രൗണ്ടിലിറങ്ങുക എന്നാണ് സൂചന. കാവെം ഹോഡ്ജ്, അലിക്ക് അത്നാസെ, ജെയർ മക്അലിസ്റ്റർ തുടങ്ങിയ പുതുമുഖങ്ങളും പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ ആരൊക്കെ ടെസ്റ്റ് ടീമിലെത്തുമെന്ന് വൈകാതെ പ്രഖ്യാപിക്കും.

വെസ്റ്റ് ഇന്‍ഡീസിന്‍റെ ലോകകപ്പ് യോഗ്യത തുലാസില്‍, ശ്രീലങ്ക-സിംബാബ്‌വെ പോരാട്ടം നിര്‍ണായകം

പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 18 അംഗ ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റൻ), അലിക്ക് അത്നാസെ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, എൻക്രുമ ബോണർ, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, കാവെം ഹോഡ്ജ്, അക്കീം ജോർദാൻ, ജെയർ മക്അലിസ്റ്റർ, കിർക്ക് മക്കെൻസി, മാർക്വിനോ മൈൻഡ്‌ലി, ആൻഡേഴ്സൺ ഫിലിപ്പ്, റെയ്മൺ റെയ്ഫർ, കെമർ റോച്ച്, ജെയ്ഡൻ സീൽസ്, ജോമെൽ വാരിക്കൻ.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്