യോഗ്യതാ മത്സരങ്ങള്‍ കളിച്ചുവേണം വിന്‍ഡീസിന് ഇത്തവണ ലോകകപ്പിന് എത്താന്‍. യോഗ്യതാ റൗണ്ടില്‍ പ്രാഥമിക ഘട്ടത്തില്‍ അപ്രതീക്ഷിത തോല്‍വിയുമായി നിരാശപ്പെടുത്തിയെങ്കിലും വിന്‍ഡീസ് സൂപ്പര്‍ സിക്സിലെത്തിയിട്ടുണ്ട്.

ഹരാരെ: ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു വലിയ ദുരന്തത്തിന് മുന്നിലാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വിൻഡീസിന് ഇത്തവണ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകില്ല. ലോകക്രിക്കറ്റിൽ ഒരു കാലത്ത് ആർക്കും തോൽപ്പിക്കാനാകാത്ത സംഘമായിരുന്നു വെസ്റ്റ് ഇൻഡീസ്. രണ്ട് തവണ ഏകദിന ലോകകിരീടമുയർത്തിയ പ്രതാപം പിന്നീട് വിൻഡീസിന് നഷ്ടമായെങ്കിലും 2012, 2016 ടി 20 ലോകകപ്പുകളിൽ ചാംപ്യന്മാരായി തിരിച്ചുവരവിന്‍റെ സൂചന നൽകി. എന്നാൽ കഴിഞ്ഞ ടി20 ലോകകപ്പിൽ യോഗ്യത നേടാതെ നിരാശപ്പെടുത്തിയ വിൻഡീസിന് ഇത്തവണ ഏകദിന ലോകകപ്പിനും യോഗ്യത നേടണമെങ്കില്‍ കനത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്.

യോഗ്യതാ മത്സരങ്ങള്‍ കളിച്ചുവേണം വിന്‍ഡീസിന് ഇത്തവണ ലോകകപ്പിന് എത്താന്‍. യോഗ്യതാ റൗണ്ടില്‍ പ്രാഥമിക ഘട്ടത്തില്‍ അപ്രതീക്ഷിത തോല്‍വിയുമായി നിരാശപ്പെടുത്തിയെങ്കിലും വിന്‍ഡീസ് സൂപ്പര്‍ സിക്സിലെത്തിയിട്ടുണ്ട്. സിംബാബ്‌വെ, ശ്രീലങ്ക, സ്കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഒമാന്‍ എന്നീ ടീമുകളാണ് വിന്‍ഡീസിനൊപ്പം സൂപ്പര്‍ സിക്സിലുള്ളത്. സൂപ്പര്‍ സിക്സില്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലെത്തും. ജൂലൈ ഒമ്പതിനാണ് ഫൈനല്‍. ഫൈനലിലെത്തുന്ന രണ്ട് ടീമുകളും ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യും.

എന്നാല്‍ പ്രാഥമിക റൗണ്ടില്‍ സിംബാബ്‍വെയോടും നെതർലൻഡ്സിനോടും തോറ്റതോടെ സൂപ്പര്‍ സിക്സിലെത്തിയ വിന്‍ഡീസിന് പോയന്‍റൊന്നുമില്ല. അതേസമയം ഗ്രൂപ്പിൽ ഒന്നാമതായി സൂപ്പർ സിക്സിലേക്കെത്തിയ സിംബാബ്‍വെക്കും ശ്രീലങ്കക്കും സൂപ്പര്‍ സിക്സില്‍ നാലു പോയന്‍റ് വീതമുണ്ട്. സ്കോട്‌ലന്‍ഡ്, ഒമാന്‍, നെതര്‍ലന്‍ഡ്സ് ടീമുകളെ തോല്‍പ്പിച്ചാലും വിന്‍ഡീസിന് ഫൈനല്‍ യോഗ്യത ഉറപ്പില്ല. സിംബാബ്‌വെ-ശ്രീലങ്ക മത്സരഫലം ആശ്രയിച്ചിരിക്കും വെസ്റ്റ് ഇൻഡീസിന്‍റെ ഭാവി. സൂപ്പര്‍ സിക്സില്‍ ഇന്നലെ ഒമാനെ തോല്‍പ്പിച്ചതോടെ സിംബാബ്‌വെക്ക് ആറ് പോയന്‍റും ശ്രീലങ്കക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു ലഭിച്ച നാലു പോയന്‍റുമുണ്ട്. നെതര്‍ലന്‍ഡ്സിനും സ്കോട്‌ലന്‍ഡിനും രണ്ട് പോയന്‍റ് വീതമുള്ളപ്പോള്‍ പോയന്‍റൊന്നുമില്ലാത്ത ടീമുകള്‍ വിന്‍ഡീസും ഒമാനുമാണ്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെ വിസ്‌മയം

സൂപ്പർ സിക്സിൽ സ്കോട്‍ലൻഡ്, ഒമാൻ ശ്രീലങ്ക, നെതര്‍ലന്‍ഡ്സ് ടീമുകളെ വലിയ മാർജിനിൽ തോൽപ്പിക്കുകയും സിംബാബ്‌വെ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്താല്‍ മാത്രമേ വെസ്റ്റ് ഇൻഡീസിന് വഴിയൊരുങ്ങൂ. അങ്ങനെ വന്നാല്‍ ശ്രീലങ്ക യോഗ്യത നേടാതെ പുറത്താകും. ആദ്യമായി ഏകദിന ലോകകപ്പിന് യോഗ്യതയില്ലെന്ന നാണക്കേടുമായി നാട്ടിലേക്ക് മടങ്ങുകയെന്ന വലിയ നാണക്കേടാണ് മുന്‍ ചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത് എന്ന് ചുരുക്കം.